പരാമർശം വളച്ചൊടിച്ചെന്ന് സി.പി.എം നേതാവ് ഹരീന്ദ്രൻ; പാലത്തായി കേസിലെ വർഗീയ പരാമർശത്തെ പിന്തുണച്ച് ഹിന്ദു ഐക്യവേദി, ഓരോ ഹിന്ദു സഖാവും ഈ ചോദ്യം ഉറക്കെ ചോദിക്കണം -ആർ.വി. ബാബു

കോഴിക്കോട്: ബി.ജെ.പി നേതാവ് ശിക്ഷിക്കപ്പെട്ട പാലത്തായി പോക്സോ കേസിൽ നടത്തിയ വർഗീയ പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം നേതാവ് പി. ഹരീന്ദ്രൻ. മുസ്‌ലിം ലീഗിനെയും എസ്.ഡി.പി.ഐ- ജമാഅത്ത് കൂട്ടുകെട്ടിനെ രാഷ്ട്രീയമായി വിമർശിച്ചതിനെ വളച്ചൊടിച്ചെന്ന് ഹരീന്ദ്രൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മതപരമായ വിദ്വേഷം വളർത്തി പ്രസ്തുത പരാമർശം നടത്തിയെന്നത് ദുർവ്യാഖ്യാനമാണെന്നും ഹരീന്ദ്രൻ പറയുന്നു.

ഈ മേഖലയിൽ ആദ്യമായുണ്ടാകുന്ന പീഡനമല്ല പാലത്തായിയിലേത്. ഇതിനു മുമ്പും ഒരേ സമുദായത്തിൽപ്പെട്ട ഇരയും വേട്ടക്കാരനും ഉണ്ടായിട്ടുണ്ട്. ആ സംഭവത്തിലൊന്നും മുസ്‌ലിം ലീഗോ എസ്.ഡി.പി.ഐയോ ജമാഅത്തെ ഇസ്‌ലാമിയോ ഒരു തരത്തിലും അതിൽ പ്രതിഷേധിക്കാനോ ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ അന്വേഷണം നടപടികൾ മുന്നോട്ടുകൊണ്ടുപോകണം എന്നാവശ്യപ്പെടാനോ തയാറായില്ല -എന്നും ഹരീന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ അല്ല അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഒരു കാരണവശാലും പാലത്തായി കേസ് ഇന്നെവിടെയും എത്തുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സി.പി.എം നേതാവ് പി. ഹരീന്ദ്രൻ നടത്തിയ വർഗീയ പരാമർശത്തെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു രംഗത്തെത്തി. ഓരോ ഹിന്ദു സഖാവും ഈ ചോദ്യം ഉറക്കെ ചോദിക്കണമെന്ന് ആർ.വി. ബാബു, പി. ഹരീന്ദ്രന്‍റെ പ്രസ്താവനയുടെ മാധ്യമ റിപ്പോർട്ട് ഷെയർ ചെയ്ത് ഫേസ്ബുക്കിൽ പറഞ്ഞു.

‘ഓരോ ഹിന്ദു സഖാവും ഈ ചോദ്യം ഉറക്കെ ചോദിക്കണം’ എന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ആർ.വി. ബാബു പറഞ്ഞു. ‘പാലത്തായി കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അബ്ദുൽ റഹീം 2020 നവംബർ 1ന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞത് ഈ പരാതി അടിസ്ഥാന രഹിതവും തെറ്റായി കെട്ടിച്ചമച്ചതും രാഷ്ട്രീയമായും വർഗീയമായുള്ള പ്രേരണയാൽ ഉള്ളതാണ് എന്നായിരുന്നു. സി.പി.എം നേതാവിന്‍റെ പ്രസ്താവനയിൽ നിന്നും വ്യക്തമാവുന്നത് പത്മരാജിനെ പ്രതിയാക്കാനുള്ള എസ്.ഡി.പി.ഐയുടെ ആസൂത്രിത നീക്കം നടന്നു എന്നാണ്. അതിന് വേണ്ടിയാണ് ആക്ഷൻ കമ്മിറ്റിയും പ്രക്ഷോഭവും സംഘടിപ്പിച്ചത്.’ -എന്ന് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ ആർ.വി. ബാബു പറയുന്നു.

Full View


Full View

കഴിഞ്ഞ ദിവസം ഹരീന്ദ്രൻ പറഞ്ഞത്: ‘കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ പ്രചാരണം നടത്തുന്നത് അടിസ്ഥാനമില്ലാതെയാണ്. കേരളത്തിൽ ഉസ്താദുമാർ പീഡിപ്പിച്ച എത്ര പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും വാർത്ത നമ്മൾ കണ്ടിട്ടുണ്ട്. ഏത് ഉസ്താദ് പീഡിപ്പിച്ച കേസാണ് ഇവിടെ ഇത്രയും വിവാദമായിട്ടുള്ളത്. ആ കേസിൽ എന്ത് സംഭവിച്ചു എന്ന് ചർച്ച ചെയ്തിട്ടുണ്ടോ? നിങ്ങളുടെ പ്രശ്നം പീഡിപ്പിക്കപ്പെട്ടു എന്നുള്ളതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്‌ലിം പെൺകുട്ടിയാണ്. ആ ഒരൊറ്റ ചിന്ത മാത്രമാണ് എസ്.ഡി.പി.ഐയുടേയും മുസ്‌ലിം ലീഗിന്റെയും ചിന്ത’ -എന്നായിരുന്നു ഹരീന്ദ്രന്‍റെ പരാമർശം.

Tags:    
News Summary - RV Babu supports CPIM leader C Hareendran on Palathayi Rape Case communal comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.