തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ ലൈംഗിക പീഡന പരാതിയിൽ എടുത്ത എഫ്.ഐ.ആറിൽ ഗുരുതര പരാമർശങ്ങൾ. പാലക്കാട് ഫ്ലാറ്റിൽ എത്തിച്ചും തിരുവനന്തപുരത്തും ഉൾപ്പെടെ മൂന്ന് ഇടങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചപ്പോൾ നഗ്നദൃശ്യങ്ങള്‍ ഉള്ള കാര്യം പറഞ്ഞ് രാഹുല്‍ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിലുണ്ട്.
ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാൽസംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. 2025 മാർച്ച് മുതൽ പീഡിപ്പിച്ചുവെന്നും ഗർഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്ലാറ്റിൽ വച്ചും ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ട്.
വലിയമല പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് രാഹുലനെതിരെ കേസെടുത്തിട്ടുള്ളത്.
വിശ്വാസവഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ് ഉടൻ അപേക്ഷ നൽകും.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സുഹൃത്തിനെയും കേസിൽ പ്രതിചേർത്തു. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെയാണ് കേസിൽ പ്രതി ചേർത്തത്. യുവതിക്ക് ഗർഭചിദ്രത്തിന് ഗുളിക എത്തിച്ചു നൽകിയത് ഇയാളാണ്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴിയുണ്ട്.
അശാസ്ത്രീയവും നിർബന്ധിതവുമായ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നതാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. മെഡിക്കൽ രേഖകൾ യുവതി പൊലീസിന് മുന്നിൽ ഹാജരാക്കിയിരുന്നു. ഗർഭിണിയാണെന്ന് രാഹുലിനോട് പറഞ്ഞപ്പോൾ ഗർഭഛിദ്രം നടത്താനാണ് പറഞ്ഞത്. സമ്മതിക്കാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു. ഗർഭചിദ്രത്തിന് തയാറല്ലെന്ന് പറഞ്ഞപ്പോഴെല്ലാം ചീത്ത വിളിച്ചു. ബന്ധത്തിൽനിന്ന് അകലാൻ രാഹുൽ ശ്രമിച്ചു.
ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും രക്തസ്രാവവുമുണ്ടായി. സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇന്ന് യുവതിയെ കോടതിയിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്.
അതേസമയം, ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മുൻകൂർ ജാമ്യത്തിനുള്ള തീവ്ര ശ്രമത്തിലാണ്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെയോ ഹൈകോടതിയെയോ സമീപിക്കാനാണ് നീക്കം. എം.എൽ.എ ആണെന്നതും അറസ്റ്റ് ചെയ്യാനുള്ള നീക്കവും ചൂണ്ടിക്കാട്ടി ഹൈകോടതി ജാമ്യ ഹരജി വേഗത്തിൽ പരിഹരിക്കണമെന്നതാണ് ആവശ്യപ്പെടുക. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ സംസാരിച്ചതായാണ് വിവരം.
അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈകോടതിയിൽ എത്താവൂ എന്ന് സുപ്രീംകോടതി നിർദേശം നിലവിൽ ഉള്ളതിനാൽ തിരുവന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കണോ എന്നും ആലോചിക്കുന്നുണ്ട്.
അതേസമയം രാഹുലുമായി ബന്ധപ്പെടാനുള്ള പൊലീസിന്‍റെ നീക്കം വിജയിച്ചിട്ടില്ല. പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് രാഹുലിനായി അന്വേഷണം നടത്തിവരികയാണ് പൊലീസ്. രാഹുൽ എവിടെ എന്ന ചോദ്യത്തിന് ആരും വ്യക്തമായ ഉത്തരം നൽകുന്നില്ല. ഇന്നലെ രാഹുലിനെതിരെ പരാതി നൽകിയെന്ന വാർത്ത വന്നതുമുതൽ എം.എൽ.എ ഓഫിസും പൂട്ടിയ നിലയിലാണ് ഉള്ളത്. അതേസമയം, പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.