മോദി നൂറ് ജന്മമെടുത്താലും ഏക സിവില്‍ കോഡ് നടപ്പാക്കാനാവില്ല –ചെന്നിത്തല

പട്ടിക്കാട് (മലപ്പുറം): മുത്തലാഖിന്‍െറ പേരില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നൂറു ജന്മമെടുത്താലും രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാനാവില്ളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പട്ടിക്കാട് ജാമിഅ നൂരിയ 54ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘വെളിച്ചം’ സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ബഹുസ്വരത നിലനില്‍ക്കുന്ന രാജ്യമാണ്. അതിനാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സമൂഹം തടയും. ഇസ്ലാം മതത്തെ ബോധപൂര്‍വം അവഹേളിക്കാനും താറടിക്കാനും ഭരണകൂടം ശ്രമിക്കുകയാണ്. നോട്ട് പിന്‍വലിക്കല്‍ വരെ വര്‍ഗീയവത്കരിക്കാനാണ് മോദി ശ്രമിച്ചത്.

മുസ് ലിം മതപണ്ഡിതര്‍ക്കെതിരെ കേരളത്തില്‍ വ്യാപകമായി യു.എ.പി.എ ചുമത്തുന്നു. താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അനാവശ്യമായി കരിനിയമങ്ങള്‍ ചുമത്തിയിട്ടില്ല. മുസ്ലിം പണ്ഡിതര്‍ പ്രസംഗിച്ചാല്‍ രാജ്യദ്രോഹം ചുമത്തുന്നത് ഗൗരവമായി കാണണം. കേന്ദ്രത്തില്‍ മോദി ചെയ്യുന്നത് കേരളത്തില്‍ തുടരരുത്. ബി.ജെ.പിക്കാരും ആര്‍.എസ്.എസുകാരും പ്രകോപനപരമായി പ്രസംഗിച്ചാല്‍ എന്തുകൊണ്ട് യു.എ.പി.എ ചുമത്തുന്നില്ളെന്ന് പിണറായി വ്യക്തമാക്കണം. ഏത് മതത്തിലും തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരുണ്ട്. ഇസ്ലാം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല -രമേശ് ചെന്നിത്തല പറഞ്ഞു. പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.