ബജറ്റ് ചോര്‍ച്ച: തോമസ് ഐസക്കിനെ പ്രോസിക്യൂട്ട് ചെയ്യണം– ചെന്നിത്തല

തിരുവനന്തപുരം : ബജറ്റ് രേഖകള്‍ പുറത്തുപോയതിന്റെ വെളിച്ചത്തില്‍  ഔദ്യോഗിക രഹസ്യനിയമം (ഒഫിഷ്യല്‍ സീക്രറ്റ്‌സ് ആക്ട്)  ലംഘിച്ചതിന്  ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്കു കത്ത് നല്‍കി.

ധനമന്ത്രിയെക്കൂടാതെ, ബജറ്റ് രേഖകള്‍ പുറത്തുപോയതിനുത്തരവാദിയെന്നു പറയുന്ന മനോജ് കുമാര്‍, ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും ഔദ്യോഗിക രഹസ്യനിയമം (ഒഫിഷ്യല്‍ സീക്രറ്റ്‌സ് ആക്ട്) 1923 പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 5(2) പ്രകാരവും കോടതിയില്‍ പരാതി നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. പ്രോസിക്യൂഷനൊപ്പം, ബജറ്റ് ചോര്‍ച്ചയുടെ കാര്യത്തില്‍ നടന്ന ക്രിമിനല്‍ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരുന്നതിനായി വിശദമായ ഒരു അന്വേഷണവും പ്രഖ്യാപിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് 3 ാം തീയതി രാവിലെ 9 മുതല്‍ 11.40 വരെയാണ് ധനമന്ത്രി ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത്. ഇതിനിടെ 10.26 ഓടെ ബജറ്റ് നിര്‍ദ്ദേശങ്ങളും കണക്കുകളും അടങ്ങിയ രേഖ സോഷ്യല്‍ മീഡിയയിലും ചാനലുകളിലും പ്രചരിച്ചു. പ്രതിപക്ഷനേതാവിന്റെ കൈവശം ലഭിച്ച ഈ രേഖകള്‍ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ത്തന്നെ അദ്ദേഹം നിയമസഭയില്‍ വായിക്കുകയും സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

ബജറ്റ് രേഖകള്‍, അവ ഔദ്യോഗികമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് ചോര്‍ത്തുക എന്നത് 1923 ലെ ഒഫിഷ്യല്‍ സീക്രറ്റ്‌സ് ആക്ടിലെ 5(2), 5(1) (b), വകുപ്പുകള്‍ ഐ.പി.സി.യിലെ 120(B) വകുപ്പ് എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. കേരള സംസ്ഥാനവും കെ.ബാലകൃഷ്ണനും തമ്മിലുള്ള കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിന്യായത്തില്‍, ബജറ്റ് രേഖകള്‍ ഒദ്യോഗികരഹസ്യത്തിന്റെ പരിധിയില്‍ വരുമെന്നും, ബജറ്റവതരണത്തിനു മുമ്പ് അത് പ്രസിദ്ധീകരിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. നന്ദലാല്‍ മോറും പഞ്ചാബ് ആന്‍ഡ് ഹരിയാണ സംസ്ഥാനവും തമ്മിലുള്ള കേസിന്റെ വിധിയില്‍ പാര്‍ലമെന്റിലോ നിയമസഭയിലോ അവതരിപ്പിക്കും വരെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പുറത്തു പോകരുതെന്നു പറഞ്ഞിട്ടുണ്ട്.

പേഴ്‌സണല്‍ സ്റ്റാഫിലെ മനോജ് കുമാര്‍, ബജറ്റ് രേഖകള്‍ കൈവശം വയ്ക്കാന്‍ അര്‍ഹതയില്ലാത്ത ആളായിട്ടും അയാളെ പ്രസ്തുത രേഖകള്‍ ഏല്പിച്ച ഉദ്യോഗസ്ഥര്‍ ആരൊക്കെ എന്നും കണ്ടുപിടിക്കേണ്ടതാവശ്യമാണ്. അതുപോലെ, ബജറ്റ് രേഖകള്‍ ധനമന്ത്രിയുടെ മാത്രം കൈവശത്തിലും നിയന്ത്രണത്തിലും ആയിരിക്കെ അദ്ദേഹത്തിന് ഈ ബജറ്റ് ചോര്‍ച്ചയിലുള്ള പങ്കും ഗൗരവപൂര്‍വ്വം അന്വേഷണ വിധയമാക്കേണ്ടതുണ്ട്.

അതിനാല്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച മന്ത്രി തോമസ്‌ഐസക്കിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സത്വര നടപടി കൈക്കൊള്ളണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - ramesh chennithala statement about budget issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.