ഉപ്പുവെള്ളത്തിന്‍റെ മാധുര്യം

വാർധക്യസഹജമായ അവശതകളാൽ പിതാവിന് പണിക്കു പോകാനാവാത്ത സാഹചര്യം വന്നതോടെയാണ്​ ഉപ്പയും ഉമ്മയും ഉമ്മയുടെ സഹോദരി പുത്രിയുൾ​െപ്പടെ ആറു പെങ്ങന്മാരുമുള്ള കുടുംബത്തിനു വേണ്ടിചാവക്കാട് മന്ദലാംകുന്ന് സ്വദേശി പടിഞ്ഞാറയിൽ േകായക്ക്​ കടലിലിറ​ങ്ങേണ്ടി വന്നത്​. അന്ന്​ പ്രായം പതിനാലാണ്​. പതിനൊന്നാം വയസ്സു മുതലാണ്  േകായ റമദാൻ നോമ്പ് നോൽക്കാൻ തുടങ്ങിയത്.

നോമ്പുകാലം ഇന്നത്തെപോലെ സുഭിക്ഷമായിരുന്നില്ല. കടലിൽ പോകുന്നവരിലേ​െറയും നോമ്പ് അനുഷ്​ഠിക്കുന്നവരായിരുന്നു. നോമ്പ് തുറക്കാൻ കാരക്കയും ഈത്തപ്പഴവും പോയിട്ട് ചെറുനാരങ്ങപോലും ലഭ്യമല്ല. റമദാൻ മാസക്കാലം മീൻതേടി എത്ര ദൂരത്തേക്കു പോയാലും അസ്തമിക്കുന്നതിനു മുമ്പേ മടങ്ങാൻ ശ്രമിക്കാറുണ്ട്. എന്നാൽ, നോമ്പുതുറ കഴിഞ്ഞായിരിക്കും അധികവും കരയിലെത്തുക. ഔട്ട് ബോർഡ് എൻജിനുകളുടെ കേട്ടുകേൾവിയുമില്ല. കാറ്റ് അനുകൂലമാണെങ്കിൽ പായ കെട്ടിയും അല്ലെങ്കിൽ തണ്ട് വലിച്ചുമുള്ള യാത്ര.  

സൂര്യൻ കടലിൽ താഴുന്ന നേരമാണ​േല്ലാ നോമ്പ് തുറയുടെ സമയം. നോമ്പുതുറക്കാൻ വെള്ളം കൊണ്ടുപോകുന്ന പതിവുമില്ല. സമയമായെന്നു കണ്ടാൽ കടലിൽ നിന്ന് ഒരു കുമ്പിൾ ഉപ്പു വെള്ളമെടുത്ത് കുടിക്കും. ഉപ്പു വെള്ളം കുടിച്ചാൽ ഛർദിയും ഓക്കാനവും പതിവാണെങ്കിലും അത് ശീലമായാൽ കുഴപ്പമില്ല. വേഗത്തിൽ നോമ്പ് തുറക്കുക എന്ന സുന്നത്ത് ലഭിക്കാനാണ്​ കിട്ടിയ വെള്ളം കുടിച്ച്​ നോമ്പു തുറക്കുന്നത്​.

കരയിലെത്തി മീൻ വിറ്റ് എല്ലാരുംകൂടി ഉന്തിയും തള്ളിയും തോളിൽ തടിയൻ മുളവെച്ച് വള്ളിക്കയറിൽ കെട്ടിപ്പൊക്കിയും തോണി സുരക്ഷിതമാക്കിയശേഷം കൂട്ടാൻ വെക്കാനുള്ള മീനുമെടുത്ത് നേരെ വീട്ടിലേക്ക്. കുളിച്ച് വസ്ത്രം മാറി പള്ളിയിലെത്തുമ്പോൾ തറാവീഹ് നമസ്കാരം അവസാനിക്കാറായിട്ടുണ്ടാകും. കടലിൽനിന്ന് നിർവഹിക്കാൻ കഴിയാത്ത നമസ്കാരം അപ്പോൾ പൂർത്തിയാക്കാനുണ്ടാകും. വെള്ളിയാഴ്ചകളുൾപ്പെ​െട പണിയില്ലാത്ത ദിവസങ്ങളിൽ നോമ്പു തുറ മന്ദലാംകുന്ന് കുന്നത്തെ പള്ളിയിൽ വെച്ചായിരുന്നു.

അവിടെയായാലും ജമാഅത്ത് പള്ളിയിലായാലും നോമ്പു തുറക്കാൻ ഒരു ബക്കറ്റിൽ പള്ളിമുക്രി നിറച്ചുവെച്ച പച്ചവെള്ളം മാത്രമേയുണ്ടാകൂ. ഒരു ഗ്ലാസും കാണും. ബാങ്ക് വിളിക്കുമ്പോൾ നമസ്കരിക്കാനുള്ള തിരക്കിൽ പിടിയും വലിയുമായി ഒന്നോ രണ്ടോ കവിൾ വെള്ളം കുടിച്ച് നോമ്പ് തുറക്കും. അക്കാലത്തെ അത്താഴത്തിനും പ്രത്യേകതയുണ്ട്. നാട്ടിൽ വൈദ്യുതിയില്ല, മൈക്കും ഉച്ചഭാഷണിയുമില്ല. എന്നാലും അകലെയുള്ള പള്ളിയിലെ ബാങ്കൊലി കേൾക്കാം. പാലപ്പെട്ടി, അകലാട്, എടക്കഴിയൂർ എന്നിവിടങ്ങളിൽ നിന്ന് അത്താഴം മുട്ടികൾ എന്ന പേരിൽ ദഫ് മുട്ടി സമയമറിയിക്കുന്നവർ മുറ്റത്തുകൂടി കടന്നുപോകും. 

അത്താഴം ബാങ്ക് വിളിക്കുന്നതിനു തൊട്ട് മുമ്പേയാണ്. കഴിച്ചു കഴിയുമ്പോഴേക്ക് ബാങ്കുവിളി. കടലിൽ പോയി വരുന്ന പലർക്കും അത്താഴം നഷ്​ടപ്പെടാറുണ്ട്. അത്താഴം കഴിക്കാനുള്ള ധൃതിയിൽ വിട്ടിലെത്തുമ്പോഴായിരിക്കും ബാങ്ക് വിളിക്കുക. പിന്നെ പട്ടിണി നോമ്പായിരിക്കുമെങ്കിലും പിറ്റേന്നും പണിക്കുപോകും. അഞ്ചുപേർ വീതം പണിയെടുക്കുന്ന ‘ഓടം’ എന്ന് അറിയപ്പെടുന്ന വഞ്ചിയിലാണ് കടലിൽ പോയിരുന്നത്. രണ്ട് ഓടക്കാരുടെ ഒരു ജോടിയാണ് എപ്പോഴും ഒന്നിച്ചു പോകുന്നത്. മീൻ കണ്ടുകഴിഞ്ഞാൽ വലയുടെ രണ്ടറ്റവും രണ്ട് വള്ളത്തിൽ കെട്ടിയുള്ള മത്സ്യബന്ധന രീതി.

കേരളത്തിലെ ആദ്യകാല പ്രവാസികളിൽ കൂടുതലും ചാവക്കാട്ടുകാരാവാൻ കാരണം നാട്ടിലെ വറുതിയായിരുന്നു. നാട്ടിൽനിന്ന് ഗൾഫിലേക്ക് ആളുകൾ പല വഴിയിൽ പോക്കുതുടങ്ങി. മത്സ്യബന്ധന ജീവിതത്തോട് യാത്ര പറഞ്ഞ് 1970ൽ  േകായ ഗൾഫിലെത്തി. അബൂദബിയിലും ദുബൈ അമരിയാ മാർക്കറ്റിലും കു​െറ കാലം. ആദ്യകാലത്ത് അവിടെയുള്ള നോമ്പുതുറയും പള്ളികളിൽ പോയിട്ടായിരുന്നു നിർവഹിച്ചത്. ഇന്നത്തെ​േപാലെ ബിരിയാണിയൊന്നുമില്ല. പള്ളിയിൽ അറബി വീടുകളിൽ നിന്നുള്ള അരീസ് കിട്ടും. ഇപ്പോൾ നാട്ടിലെത്തിയിട്ട് രണ്ട് പതിറ്റാണ്ടിലേ​െറയായി.

Tags:    
News Summary - Ramadan memmories of Fisher man -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.