വി.ഡി. സതീശന് ആശംസയുമായി രാജീവ് ചന്ദ്രശേഖർ; ബി.ജെ.പി എം.എൽ.എമാർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും

തിരുവനന്തപുരം: വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സമ്പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബി.ജെ.പി എം.എൽ.എമാർ പങ്കെടുക്കും. പാർട്ടി സംസ്ഥാന അധ്യക്ഷനും നേമം നിയുക്ത എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.

സതീശൻ ഫോണിൽ വിളിക്കുകയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. അദ്ദേഹത്തിന് നന്ദിയും ആശംസകളും അറിയിച്ചു. ബി.ജെ.പി, എൻ.ഡി.എ മുന്നണിയിലെ സഹ എം.എൽ.എമാരും സഹപ്രവർത്തകരും മെയ് 18ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം സതീശനെ ആദ്യമായാണ് രാജീവ് ചന്ദ്രശേഖർ അഭിനന്ദിക്കുന്നത്.

സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് വൻആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാർട്ടിയും മുന്നണിയും. ഒരുലക്ഷത്തോളം പേർക്ക് സത്യപ്രതിജ്ഞ ചടങ്ങുകൾ വീക്ഷിക്കാനുള്ള സൗകര്യങ്ങളാണ് സ്റ്റേഡിയത്തിലും പുറത്തുമായി ഒരുക്കുക. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉൾപ്പെടെ അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കെല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണക്കത്ത് അയച്ചു. വിജയ്ക്ക് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഉൾപ്പെടെയുള്ളവരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് കത്തയച്ചിട്ടുണ്ട്.

10 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുന്ന സാഹചര്യത്തിൽ കോൺഗ്രസ് ദേശീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തും. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തലസ്ഥാനത്തെത്തി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ എത്തുമെന്നാണ് വിവരം.സംസ്ഥാനത്തെമ്പാടുമുള്ള യു.ഡി.എഫ് പ്രവർത്തകരിൽ വലിയൊരു വിഭാഗം ചടങ്ങിന് സാക്ഷ്യംവഹിക്കാൻ എത്തും.

ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ പൊലീസ് സുരക്ഷ പരിശോധനകൾ നടത്തി. ഡോഗ്, ബോംബ് സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ സ്റ്റേഡിയത്തിലെത്തി സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. സത്യപ്രതിജ്ഞ ചടങ്ങുകളുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗതനിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തും. വി.വി.ഐ.പികൾ എത്തുമെന്ന വിലയിരുത്തലിൽ അതിനനുസൃതമായ സുരക്ഷ ക്രമീകരണങ്ങളാകും ഏർപ്പെടുത്തുകയെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - Rajeev Chandrasekhar congratulates V.D. Satheesan; BJP MLAs to attend oath-taking ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.