രമേശ് ചെന്നിത്തല
മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് ഉറപ്പ്: സുധാകരന്റെ കുടുംബത്തിന് പിന്തുണയുമായി രമേശ് ചെന്നിത്തല
പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ കൊല്ലപ്പെട്ട സുധാകരന്റെ കുടുംബത്തിന് ആശ്വാസമേകി രമേശ് ചെന്നിത്തല. മകൾക്ക് ജോലി ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കേസിൽ കോടതി വിധി പ്രസ്താവിച്ച വേളയിൽ സുധാകരന്റെ മക്കൾക്ക് ജോലി നൽകുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് പറഞ്ഞിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയതായി കുടുംബാംഗങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ച് നടപടികൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി അവർ വ്യക്തമാക്കി.
മുമ്പ് പല ഘട്ടങ്ങളിലും വാഗ്ദാനങ്ങൾ ലഭിച്ചിരുന്നെങ്കിലും കേസിന്റെ വിധി വരുന്നതിനും ആവശ്യമായ രേഖകൾ തയാറായി എത്തുന്നതിനുമുണ്ടായ കാലതാമസമാണ് നടപടികൾ വൈകാൻ കാരണമായത്. കേസിന്റെ നടപടികൾ അവസാനിച്ചതോടെയാണ് ഇപ്പോൾ അനുകൂല തീരുമാനത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. സുധാകരന്റെ ഇളയ മകൾക്കാണ് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പ്രായമേറിയ അപ്പാപ്പന്റെയും അമ്മാമ്മയുടെയും കൂടെ കഴിയുന്ന കുട്ടിക്ക് അവരുടെ സംരക്ഷണച്ചുമതലകൂടി ഉള്ളതിനാൽ ഒരു ജോലി അത്യന്താപേക്ഷിതമാണെന്ന് കുടുംബം ചൂണ്ടിക്കാണിക്കുന്നു.
ജോലി ലഭ്യമാക്കുന്ന നടപടികൾ വേഗത്തിലാക്കുന്നതിനായി പാലക്കാട് കലക്ടറേറ്റിൽ നിന്ന് ഉടൻതന്നെ പ്രൊപ്പോസൽ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി ആവശ്യമായ റിപ്പോർട്ടുകളും അനുബന്ധ രേഖകളും അധികൃതർക്ക് കുടുംബം ഇതിനകം കൈമാറിക്കഴിഞ്ഞു. സർക്കാർ ഈ വിഷയത്തിൽ വേഗത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന പ്രതീക്ഷയിലാണ് സുധാകരന്റെ മക്കളും ബന്ധുക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.