കൽപറ്റ: രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ പൊലീസ് ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ്. ജില്ല ആസ്ഥാനമായ കലക്ടറേറ്റിനും ജില്ല പൊലീസ് മേധാവിയുടെ ഓഫിസിനും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന എം.പി ഓഫിസിലേക്ക് അക്രമികൾ കടന്നുകയറിയത് പൊലീസിന്റെ മൗനാനുവാദത്തോടെയാണെന്ന ആരോപണവുമായാണ് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്. രാഹുലിന്റെ ഓഫിസിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തുന്നത് മൂൻകൂട്ടി ചൂണ്ടിക്കാട്ടുകയും അക്രമം നടക്കാനിടയുണ്ടെന്ന് സൂചന നൽകുകയും ചെയ്തിട്ടും പൊലീസുകാർ മുൻകരുതൽ സ്വീകരിക്കാതിരുന്നത് സി.പി.എം നേതൃത്വവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ കുറ്റപ്പെടുത്തി.
'എസ്.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തുന്നതിനിടെ എം.പിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ സൈഡിലൂടെ കയറി ജനൽ വഴി അകത്തുകയറുന്നത് തടയാൻ പൊലീസിന് കഴിയുമായിരുന്നു. എന്നാൽ, സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഈ സമയമത്രയും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. മൂന്നു ജീവനക്കാർ മാത്രമുള്ള ഓഫിസിൽ കയറി നാൽപതോളം വരുന്ന എസ്.എഫ്.ഐ സംഘം അക്രമം നടത്തിയിട്ടും പൊലീസിന് നിയന്ത്രിക്കാനായില്ല.'
ഓഫിസിലേക്ക് തള്ളിക്കയറാനും അടിച്ചു തകർക്കാനുമുള്ള കൃത്യമായ ഗൂഢാലോചനയുമായാണ് എസ്.എഫ്.ഐ പ്രവർത്തകരെത്തിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.