കെ.എസ്.ഇ.ബിയിൽ ഇന്ന് പ്രതിഷേധ ധർണ; ഡയസ്നോൺ പ്രഖ്യാപിച്ച് ബോർഡ്

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാനും സി.ഐ.ടി.യു നേതൃത്വം നൽകുന്ന ഓഫിസേഴ്സ് അസോസിയേഷനും തമ്മിൽ തുറന്നപോര്. ബോർഡ് ആസ്ഥാനത്ത് ചൊവ്വാഴ്ച സത്യഗ്രഹം ഉൾപ്പെടെ നടത്തുമെന്ന് ഓഫിസേഴ്സ് പ്രഖ്യാപിച്ചപ്പോൾ അതിന് അനുമതി നിഷേധിക്കുകയും ഡയസ്നോൺ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് ബോർഡ്.

കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ നേതാവും എക്സി. എൻജിനീയറുമായ ജാസ്മിൻ ബാനുവിന്‍റെ സസ്പെൻഷനുമായി ബന്ധപ്പെട്ടാണ് വൈദ്യുതി ബോർഡ് ചെയർമാനെതിരെ ഓഫിസർമാരുടെ സംഘടന രംഗത്തെത്തിയത്. നിയമപരമായി അവധിയെടുത്ത ഉദ്യോഗസ്ഥക്കെതിരെയാണ് നപടിയെടുത്തതെന്നും പണിമുടക്കിൽ പങ്കെടുത്തതിന്‍റെ വിരോധംമൂലമാണ് ഇതെന്നും ഓഫിസർമാർ ആരോപിക്കുന്നു.

എക്സി. എൻജിനീയർ മുൻകൂട്ടി നോട്ടീസ് നൽകിയാണ് ജോലിയിൽനിന്ന് വിട്ടുനിന്നതെന്നും സ്ത്രീത്വത്തെ അവഹേളിക്കുന്ന നടപടിയാണ് ചെയർമാൻ സ്വീകരിച്ചതെന്നുമുള്ള ആരോപണമാണ് ഓഫിസർമാർ ഉന്നയിക്കുന്നത്. മാനേജ്‌മെന്‍റിന്‍റെ ഏകപക്ഷീയ പ്രവർത്തനങ്ങളും പ്രതികാരനടപടികളും അവസാനിപ്പിക്കുക, സ്‌ത്രീത്വത്തെ അവഹേളിക്കുന്ന സമീപനങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ വനിതകളുടെ സത്യഗ്രഹം നടത്താനായിരുന്നു ആദ്യ തീരുമാനം.

എന്നാൽ, ഇത്‌ പൊളിക്കാൻ ചെയർമാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചു. ഇതോടെയാണ്‌ മുഴുവൻ ജില്ലകളിൽനിന്നും പ്രധാന പ്രവർത്തകരെ എത്തിച്ച്‌ സത്യഗ്രഹം നടത്തുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ചെയർമാന്‍റെ ഏകാധിപത്യ ശൈലിയാണ്‌ കെ.എസ്‌.ഇ.ബിയിൽ വീണ്ടും പ്രക്ഷോഭത്തിന്‌ കളമൊരുക്കിയത്‌. രാവിലെ 10 മുതൽ സത്യഗ്രഹം ആരംഭിക്കുമെന്ന്‌ അസോസിയേഷൻ പ്രസിഡന്‍റ് ജി. സുരേഷ്‌കുമാറും ജനറൽ സെക്രട്ടറി ബി. ഹരികുമാറും അറിയിച്ചു. നയങ്ങൾ തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. വിരട്ടൽ വിലപ്പോകില്ലെന്നും അവർ പറഞ്ഞു.

എന്നാൽ, ചൊവ്വാഴ്ചത്തെ സമരത്തിന് വൈദ്യുതി ബോർഡ് ഡയസ്നോൺ പ്രഖ്യാപിച്ചു. സത്യഗ്രഹത്തിൽ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങൾ അഞ്ച് മണിക്ക് മുമ്പ് കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രചാരണം അപക്വം -ഡയറക്ടർമാർ

സ്ത്രീത്വത്തെ അപമാനിച്ചെന്നതരത്തിൽ ദുർവ്യാഖ്യാനം നടത്തി പ്രചാരണം നടത്തുന്നത് അപക്വവും അടിസ്ഥാനരഹിതവുമാണെന്ന് വൈദ്യുതി ബോർഡ് ഡയറക്ടർമാർ പറഞ്ഞു. സമ്മർദതന്ത്രമെന്ന നിലയിലാണ് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് ബ്ലാക്ക്മെയിൽ ചെയ്യുന്നത്. ഇത് എല്ലാവരും ഒഴിവാക്കണം. ചെയർമാൻ അടക്കം മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുന്നത് ഭൂഷണമല്ലെന്നും കെ.എസ്.ഇ.ബിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അവർ പറഞ്ഞു.

ഒരു എക്സി. എൻജിനീയർ നിയമാനുസൃത അവധിയെടുക്കാതെ ഒരാഴ്ചയിലേറെ സംസ്ഥാനത്തിന് പുറത്ത് സഞ്ചരിച്ചത് മേലധികാരികൾ റിപ്പോർട്ട് ചെയ്തതിന്‍റെയും ചീഫ് വിജിലൻസ് ഓഫിസർ പ്രാഥമിക അന്വേഷണം നടത്തിയതിന്‍റെയും അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്. എക്സി. എൻജിനീയർക്ക് കുറ്റപത്രവും നൽകിയിട്ടുണ്ട്.

ലീവെടുക്കാതെ പോയത് പിഴവാണെന്ന് കമ്പനിക്ക് നൽകിയ വിശദീകരണത്തിൽ അവർ സമ്മതിച്ചിട്ടുണ്ട്. നടപടിക്ക് പണിമുടക്കുമായി ബന്ധമില്ല. സസ്പെൻഷൻ പിൻവലിക്കണമെന്ന ജീവനക്കാരിയുടെ ആവശ്യം പരിഗണിക്കുന്നതിന് റിപ്പോർട്ട് ലഭിക്കാൻ സാവകാശം വേണമെന്ന് മറുപടി നൽകിയിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.

Tags:    
News Summary - Protest dharna in KSEB today; Board announcing Diesnon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.