തൃശൂർ: മലയാള കവിതയിലെ ഏകാന്തസഞ്ചാരി ആറ്റൂർ രവിവർമ (89) യാത്രയായി. ന്യൂമോണിയ ബാധിച്ച് തൃശൂർ ദയ ആശുപത്രിയിൽ ചികി ത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് അന്ത്യം. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ സാഹിത്യ അക്കാദമി ഹാള ിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് പൂങ്കുന്നത്തെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം.
സമക ാലികരിൽനിന്ന് വേറിട്ട് ഭാഷയുടെയും ഭാവുകത്വത്തിെൻറയും മൗലികത അതിതീവ്രമായി അനുഭവിപ്പിച്ച ആധുനികതയിലെ ക െടാവിളക്കാണ് ആറ്റൂർ. മലയാളത്തിലെ എണ്ണം പറഞ്ഞ വിവർത്തകനുമായിരുന്നു. സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ വിശിഷ്ടാ ംഗത്വം കഴിഞ്ഞ മാർച്ച് ഒമ്പതിനാണ് മന്ത്രി എ.കെ. ബാലൻ തൃശൂരിലെ വീട്ടിലെത്തി ആറ്റൂരിന് സമർപ്പിച്ചത്. എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
1930 ഡിസംബർ 27ന് തൃശൂർ ആറ്റൂർ ഗ്രാമത്തിൽ മടങ്ങർളി കൃഷ്ണൻ നമ്പൂതിരിയുടെയും ആലുക്കൽ മഠത്തിൽ അമ്മിണിയമ്മയുടെയും മകനായാണ് ജനനം. കോഴിക്കോട് സാമൂതിരി കോളജ്, മലബാർ ക്രിസ്ത്യൻ കോളജ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. മലയാളത്തിൽ ബിരുദാനന്തര ബിരുദം. മദ്രാസ്, തലശ്ശേരി, പാലക്കാട്, പട്ടാമ്പി, തൃശൂർ ഗവ. കോളജുകളിൽ മലയാളം അധ്യാപകനായിരുന്നു.
1996ൽ ‘ആറ്റൂർ രവിവർമയുടെ കവിതകൾ’എന്ന കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. ‘ജെ.ജെ. ചില കുറിപ്പുകൾ’, ‘ഒരു പുളിമരത്തിെൻറ കഥ’, ‘നാളെ മറ്റൊരു നാളെ മാത്രം’, ‘രണ്ടാം യാമങ്ങളുടെ കഥ’, ‘പുതുനാനൂറ്’, ‘ഭക്തികാവ്യം’, ‘തമിൾ പുതുകവിതകൾ’ (വിവർത്തനങ്ങൾ), ‘പുതുമൊഴിവഴികൾ’ (എഡിറ്റർ) എന്നിവയാണ് മറ്റ് പ്രധാന കൃതികൾ.
ഇടതുപക്ഷ- പുരോഗമന പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്നു. എ.കെ.ജി.സി.ടി.എ പ്രതിനിധിയായി 1976 മുതൽ 1981 വരെ കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്നു. സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. േപ്രംജി പുരസ്കാരം, ഉള്ളൂർ അവാർഡ്, ചെന്നൈ ആശാൻ സമിതി ഏർപ്പെടുത്തിയ ആശാൻ പ്രൈസ്, പി. കുഞ്ഞിരാമൻ നായർ പുരസ്കാരം, കേരള-കേന്ദ്ര സാഹിത്യ അക്കാദമികളുടെ വിവർത്തന പുരസ്കാരങ്ങൾ, ഇ.കെ. ദിവാകരൻ പോറ്റി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീദേവി. മക്കൾ: നൗഷാദ് (എൻജിനീയർ, യു.എസ്), ഡോ. പ്രവീൺ (പാതോളജിസ്റ്റ്, തൃശൂർ ജൂബിലി മിഷൻ ആശുപത്രി), റീത്ത. മരുമക്കൾ: ശങ്കരവാര്യർ (റിട്ട. എൻജിനീയർ, പവർഗ്രിഡ്), ഡോ. ജാനകി മേനോൻ (അസോ. പ്രഫസർ, പീഡിയാട്രിക് വിഭാഗം, തൃശൂർ ഗവ. മെഡിക്കൽ കോളജ്), ഷെറിൽ(യു.എസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.