കോള: വ്യാപാരികളുടേത് പ്ലാച്ചിമട കാത്തിരുന്ന തീരുമാനം

പാലക്കാട്: കോള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്ന് പിന്‍വാങ്ങാനുളള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം പ്ളാച്ചിമട ഗ്രാമം എന്നോ കേള്‍ക്കാന്‍ കൊതിച്ചത്. കുടിവെള്ള മലിനീകരണത്തില്‍ മനംനൊന്ത് പ്ളാച്ചിമടയിലെ കൊക്കകോളക്കെതിരെ ഒന്നര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച അതിജീവന സമരത്തിന്‍െറ ധാര്‍മിക വിജയം കൂടിയാണ് ഏകോപന സമിതിയുടെ തീരുമാനം. സമരശക്തി മൂലം ഒരു തുള്ളി കോള ഉല്‍പാദിപ്പിക്കാന്‍ കഴിയാതെ കമ്പനി പൂട്ടിയിട്ട് ഒരു പതിറ്റാണ്ടിലേറെയായിട്ടും പ്ളാച്ചിമടയില്‍ ഇപ്പോഴും സമരം നിലച്ചിട്ടില്ല.

കേരളത്തില്‍ ആകെയുള്ള ഭൂഗര്‍ഭ ജല ശേഖരത്തില്‍ ഭൂരിഭാഗവും പാലക്കാട് മേഖലയിലായിട്ടും കോളക്കമ്പനികളുടെ അനിയന്ത്രിതമായ വെള്ളമൂറ്റ് മൂലം ഊഷരഭൂമിയായി മാറിയത് ഏക്കറുകളാണ്. പ്ളാച്ചിമടയില്‍ ഉല്‍പാദനം ഇല്ളെങ്കിലും പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട് പെപ്സികോളയുടെ പ്രവര്‍ത്തനം നിര്‍ബാധം തുടരുന്നു.

ഹൈകോടതി നിര്‍ണയിച്ച് നല്‍കിയതിന്‍െറ എത്രയോ ഇരട്ടി ഭൂഗര്‍ഭജലം ദിവസവും ഊറ്റുന്ന പെപ്സിക്കെതിരെ സര്‍ക്കാര്‍ നടപടിക്ക് മുതിരുന്ന സാഹചര്യത്തിലാണ് വ്യാപാരികളുടെ തീരുമാനമെന്നതും ശ്രദ്ധേയം. പെപ്സിക്കെതിരെ നടപടി വേണമെന്ന് പൊതു അഭിപ്രായം അടുത്തിടെ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലുണ്ടായിരുന്നു. സി.പി.എം ജില്ല ഘടകം പെപ്സിക്കെതിരായ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

പ്ളാച്ചിമടയില്‍ ജലസംരക്ഷണത്തിന് വേണ്ടി സംഘടിത കക്ഷികളുടെ പിന്തുണ ഇല്ലാതെ ആദിവാസി സമൂഹത്തിന്‍െറ പങ്കാളിത്തത്തില്‍ 2002 ഏപ്രില്‍ 22ന് ആരംഭിച്ച സമരമാണ് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുകയും ഗത്യന്തരമില്ലാതെ ആഗോള കുത്തക ഭീമന് അടിയറവ് പറയേണ്ടി വരികയും ചെയ്തത്. മല്‍സരാടിസ്ഥാനത്തില്‍ കോളയുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചവര്‍ ഈ സമരമൊന്നും ബാധകമാകാതെ അത് തുടര്‍ന്നു.

പ്ളാച്ചിമട സമര നായികയെന്നറിയപ്പെടുന്ന മയിലമ്മ ഇപ്പോള്‍ ജീവിച്ചിരിപ്പില്ളെങ്കിലും അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹം സമരപന്തലിലുണ്ട്. ഒരു പക്ഷേ, ഏകോപന സമിതിയുടെ കോള ബഹിഷ്കരണ തീരുമാനം ഏറെ ആഹ്ളാദം ഉണ്ടാക്കുക മുതലമട ആട്ടയാംപതിയിലെ ആദിവാസി വിഭാഗമായ ഇരവാളര്‍ സമുദായത്തിലെ രാമന്‍-കുറുമാണ്ട ദമ്പതികളുടെ മകള്‍ മയിലമ്മക്കായിരിക്കും. വിവാഹത്തിന് ശേഷമാണ് അവര്‍ പ്ളാച്ചിമട വിജയനഗര്‍ കോളനിക്കാരിയാവുന്നത്.

പെരുമാട്ടി ഗ്രാമപഞ്ചായത്ത് സുപ്രീം കോടതിയില്‍ ആരംഭിച്ച നിയമ യുദ്ധവും പ്ളാച്ചിമടയും കൊക്കകോളക്ക് ഉറക്കമില്ല രാവുകള്‍ സമ്മാനിച്ചിരുന്നു. 2004 മാര്‍ച്ചില്‍ കമ്പനി പൂട്ടി സ്ഥലം വിടേണ്ടി വന്നെങ്കിലും കെട്ടിടവും യന്ത്ര സാമഗ്രികളില്‍ ചിലതും അവരുടെ അധീനതയില്‍ തന്നെയാണ്. കമ്പനി മൂലം നാടിനുണ്ടായ കഷ്ട നഷ്ടങ്ങള്‍ക്ക് പരിഹാരം ലഭ്യമാക്കാനുള്ള ട്രൈബ്യൂണല്‍ ബില്ലില്‍ തീരുമാനം ആവും വരെ സമരം തുടരാനാണ് കോളവിരുദ്ധ സമിതിയുടെ തീരുമാനം. ഏകോപന സമിതിയുടെ പ്രഖ്യാപനം സമരക്കാരിലും ഏറെ ആഹ്ളാദമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കഞ്ചിക്കോട് പെപ്സിക്കെതിരെയുള്ള സമരവും ശക്തിപ്രാപിച്ചിട്ടുണ്ട്.

Tags:    
News Summary - plachimada coco cola plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.