വെടിവെപ്പ് പരിശീലനമാണെന്ന് പറഞ്ഞ ആളാണ്, കൊലക്കേസെടുക്കണം; റവാഡ ചന്ദ്രശേഖരനെതിരായ പിണറായി വിജയന്റെ പഴയ പ്രസംഗം പുറത്ത്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം പുറത്ത്. കൂത്തു പറമ്പ് വെടിവെപ്പിനു ശേഷം 1995 ജനുവരി 30ന് നിയമ സഭയിൽ നടന്ന ചർച്ചയിൽ പിണറായി വിജയൻ റവാഡയെ രൂക്ഷമായി വിമർശിച്ചതിന്റെ രേഖകളാണ് പുറത്തു വന്നത്. കൂത്തു പറമ്പ് വെടിവെപ്പിനു മേൽ നിയമസഭയിൽ നടന്ന അടിയന്തര പ്രമേയത്തിലാണ് പിണറായി വിജയൻ റവാഡയെ രൂക്ഷമായി വിമർശിക്കുന്നത്.

''കരി​ങ്കൊടി കാണിച്ച് പ്രവർത്തകർ പിരിഞ്ഞുപോകും. വെടിവെക്കരുതെന്ന് അന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ആവശ്യപ്പെട്ടപ്പോൾ വെടിവെപ്പ് ഞങ്ങൾക്ക് ഒരു പരിശീലനമാണ് എന്നാണ് റവാഡ ചന്ദ്രശേഖരൻ പറഞ്ഞത്. റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരക്കാരെ എറിഞ്ഞും അടിച്ചൊതുക്കിയും മുന്നോട്ട് പോവുകയായിരുന്നു. റവാഡയെ സസ്​പെൻഡ് ചെയ്യണം. കൊലക്കുറ്റത്തിന് കേസെടുക്കണം. വെടിവെച്ച് പരിശീലനം നടത്തുന്ന ഒരു എ.എസ്.പിയാണ് റവാഡ ചന്ദ്രശേഖർ. ​''-ഇങ്ങനെയാണ് പിണറായി വിജയൻ അന്ന് സഭയിൽ പറഞ്ഞത്. അന്നത്തെ നിയമസഭാ പ്രസംഗത്തിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കപ്പെട്ടപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കമുള്ള മുതിർന്ന നേതാക്കൾ ന്യായീകരിക്കാൻ മത്സരിക്കുകയായിരുന്നു. വെടിവെപ്പുമായി ബന്ധപ്പെട്ട നിയമസഭാ രേഖകളിൽ ഇടക്കിടെ റവാഡയുടെ പേര് പരാമർശിക്കുന്നുമുണ്ട്. റവാഡക്കു ശേഷം രേഖകളിൽ കൂടുതൽ പരാമർശിക്കപ്പെട്ട മറ്റൊരു പേര് ഹക്കീം ബത്തേരിയുടെതാണ്.

നിധിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറെ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റത്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നാണ് റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി ആയി എത്തുന്നത്. 2008ലാണ് റവാ‍ഡ ചന്ദ്രശേഖർ കേന്ദ്ര സർവീസിലേക്ക് മടങ്ങിയത്. 2026 ജൂലൈ വരെയാണ് റവാഡയുടെ കാലാവധി.

കേരള ചരിത്രത്തിലെ മറക്കാനാകാത്ത ഏടാണ് കൂത്തുപറമ്പ് വെടിവെപ്പ്. റവാഡ ചന്ദ്രശേഖർ തലശ്ശേരി എ.എസ്.പി ആയിരിക്കവെയാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടായത്. കൂത്തുപറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്​തസാക്ഷിയായിരുന്ന പുഷ്പൻ കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. വെടിയേറ്റ് കഴുത്തിന് താഴെ തളര്‍ന്ന ശരീരവുമായി 30 കൊല്ലമാണ് പുഷ്പൻ ജീവിച്ചത്. വെടിവെപ്പിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പുഷ്പനുൾപ്പെടെ ആറുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ട് അർബൻ സഹകരണ ബാങ്ക് ഉദ്ഘാടനത്തിനെത്തിയ മന്ത്രി എം.വി. രാഘവനെ കരിങ്കൊടി കാണിക്കാന്‍ കൂത്തുപറമ്പിലെത്തിയതായിരുന്നു ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ കണ്ണീര്‍വാതകമടക്കം പ്രയോഗിച്ചിട്ടും പ്രതിഷേധം നിലയ്ക്കാതായതോടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു.എ.എസ്.പിയായി നിയമിതനായതിന്റെ പിറ്റേന്നാണ് റവാഡ കൂത്തുപറമ്പിലെത്തിയത്.

Tags:    
News Summary - Pinarayi Vijayan's old speech against Ravada Chandrasekhar is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.