പി.സി. ജോർജ് ഈരാറ്റുപേട്ട സെഷൻസ് കോടതിയിൽനിന്ന് പുറത്ത് വരുന്നു
ഈരാറ്റുപേട്ട: പൊലീസിന്റെ ചോദ്യംചെയ്യലിൽനിന്ന് ഒഴിവാകാൻ നാടകീയ നീക്കമാണ് ബി.ജെ.പി നേതാവ് പി.സി. ജോർജ് നടത്തിയത്. തിങ്കളാഴ്ച രാവിലെ പത്തിന് ഹാജരാകാമെന്ന് പൊലീസിന്റെ നോട്ടീസിന് മറുപടി നൽകിയ പി.സി. ജോർജ്, പക്ഷേ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയിൽ കീഴടങ്ങിയത്.
രാവിലെ പൊലീസ് വീട്ടിൽ എത്തിയപ്പോഴും ജോർജ് സ്റ്റേഷനിൽ എത്തുമെന്നായിരുന്നു ബന്ധുക്കൾ ഉൾപ്പെടെ പറഞ്ഞത്. എന്നാൽ, മുൻധാരണ പ്രകാരമായിരുന്നു നീക്കങ്ങൾ. കോടതി നടപടികൾ ആരംഭിക്കുംമുമ്പ് തന്നെ അദ്ദേഹത്തിന്റെ അഭിഭാഷകകൂടിയായ മരുമകൾ കോടതിയിൽ എത്തിയിരുന്നു. അപ്പോഴേക്കും ബി.ജെ.പി പ്രവർത്തകരും എത്തി. അതിനിടയിലൂടെയാണ് ജോർജ് കോടതിയിലെത്തി കീഴടങ്ങിയത്.
ജനുവരി അഞ്ചിന് ചാനൽ ചർച്ചയിൽ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ അറസ്റ്റുണ്ടാകുമെന്ന് ജോർജിന് ഉറപ്പായിരുന്നു. അതിനാലാണ് കോട്ടയം ജില്ല സെഷൻസ് കോടതിയിലും അത് തള്ളിയപ്പോൾ ഹൈകോടതിയിലും ജോർജ് മുൻകൂർ ജാമ്യാപേക്ഷകൾ സമർപ്പിച്ചത്. ഈ അപേക്ഷകൾ തള്ളി കോടതികൾ നടത്തിയ പരാമർശങ്ങൾ ജോർജിന് തിരിച്ചടിയായിരുന്നു. തുടർന്നാണ് അറസ്റ്റും മൊഴിയെടുപ്പും ഒഴിവാക്കാൻ ജോർജ് തീരുമാനിച്ചത്.
പൊലീസ് കസ്റ്റഡിയിലാണെങ്കിൽ ചോദ്യംചെയ്യലിലേക്ക് നീങ്ങുമെന്ന നിയമോപദേശവും കിട്ടി. അതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചത്. ജാമ്യം ലഭിക്കാൻ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയുള്ള സർട്ടിഫിക്കറ്റുകളും ഹാജരാക്കി. എന്നാൽ, ജോർജിന്റെ കണക്കുകൂട്ടൽ തെറ്റുകയും കോടതി പൊലീസ് കസ്റ്റഡിയിൽ വിടുകയുമായിരുന്നു. പിന്നീട് റിമാൻഡും ചെയ്തു. കോടതി നടപടികൾ ജോർജിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായെന്ന് പൊലീസ് കസ്റ്റഡിയിലേക്ക് വിട്ടപ്പോഴുള്ള പ്രവൃത്തിയിൽനിന്നുതന്നെ വ്യക്തമായി. മാധ്യമപ്രവർത്തകരുടെ മൈക്കുകൾ തട്ടിത്തെറിപ്പിച്ചാണ് ജോർജ് പൊലീസ് വാഹനത്തിലേക്ക് കയറിയത്. മാധ്യമപ്രവർത്തകരോട് ക്ഷുഭിതനാകുന്നതും കാണാമായിരുന്നു.
കോട്ടയം: നാക്കാണ് സ്വന്തം ശത്രുവെന്ന് ഒരിക്കൽകൂടി തെളിയിച്ചാണ് മുൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ പി.സി. ജോർജ് ജയിലിലേക്ക് പോകുന്നത്. ആർക്കെതിരെയും എന്തും പറയാമെന്ന നിലപാടാണ് പലപ്പോഴും ജോർജ് കൈക്കൊണ്ടിട്ടുള്ളത്. 30 വർഷം ജനപ്രതിനിധിയായിരുന്ന വ്യക്തിയാണ് ഇത്തരത്തിൽ നിരന്തരം പ്രതികരണം നടത്തുന്നത്. മുമ്പും പല സന്ദർഭങ്ങളിലും വാവിട്ട പരാമർശങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് ജോർജ്. പ്രത്യേകിച്ചും മതവിദ്വേഷ പരാമർശങ്ങളാണ് ഏറെയും. സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്താനും അദ്ദേഹം മടികാണിച്ചിട്ടില്ല.
2022 ഏപ്രിലിൽ തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷപരാമർശത്തിൽ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്ന് വൈകീട്ട് ജാമ്യത്തിലിറങ്ങി. തുടർന്ന് മാസങ്ങൾക്കുള്ളിൽ വെണ്ണലയിലും സമാന പരാമർശം നടത്തി ജോർജ് കുടുങ്ങി. അന്ന് കോടതി ഇടപെട്ട് മുൻ കേസിലെ ജാമ്യം റദ്ദാക്കുകയും ഇത്തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചു. എന്നിട്ടും ജോർജ് ഇത് കാര്യമാക്കിയില്ല. 2023ൽ തിരുവല്ലയിൽ നടന്ന സമാന സമ്മേളനത്തിലും ഇത്തരത്തിലുള്ള പരാമർശം ജോർജ് ആവർത്തിച്ചു.
ചർച്ചകളിൽ എതിരാളിയുടെ പിതാവിനെയുൾപ്പെടെ ഒരു മടിയുമില്ലാതെ അസഭ്യം പറയുന്ന വ്യക്തിയാണ് ഇയാളെന്ന് പലകുറി തെളിയിച്ചിട്ടുമുണ്ട്. അതിനിടയിൽ ഒരു വിവാദ കേസിലെ പ്രതിയുടെ പരാതിയിൽ ലൈംഗികാധിക്ഷേപ കേസും ജോർജിനെതിരെയുണ്ടായി. ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടും പലപ്പോഴായി മതവിദ്വേഷ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
ഈരാറ്റുപേട്ട: പി.സി. ജോർജിനെതിരായ കേസ് പരാമർശിക്കവേ പൊലീസിനും കോടതിയുടെ രൂക്ഷവിമർശനം. കേസിൽ പൊലീസ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്ന പരാമർശമാണ് ഈരാറ്റുപേട്ട കോടതിയിൽ നിന്നുണ്ടായത്. പി.സി. ജോർജ് സമാന പരാമർശങ്ങൾ മുമ്പും നടത്തിയിട്ടുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമുള്ള വാദമാണ് പ്രോസിക്യൂഷൻ നടത്തിയത്. എന്നാൽ, ഇതുസംബന്ധിച്ച വിശദാംശങ്ങൾ എവിടെയെന്ന് കോടതി ചോദിച്ചു.
എന്നാൽ, അത് പൊലീസിന്റെ പക്കലുണ്ടായിരുന്നില്ല. തുടർന്ന് രണ്ടുമണിക്കൂറിനുള്ളിൽ സമാന കേസുകൾ സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ കേസ് വീണ്ടും പരിഗണിച്ച രണ്ടുമണിക്ക് പൊലീസ്, കേസുകളുടെ വിശദാംശങ്ങൾ ഹാജരാക്കി. കോടതി ഇക്കാര്യങ്ങൾ പരിശോധിച്ചു. എന്നാൽ, ജോർജിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ആദ്യം ഉന്നയിച്ചില്ല. അതിനും കോടതിയുടെ ഇടപെടൽ ആവശ്യമായി വന്നു.
പ്രതിയെ കസ്റ്റഡിയിൽ ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു. തുടർന്നാണ് വൈകീട്ട് ആറുവരെ ജോർജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് പാലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ജോർജിന്റെ മൊഴിയെടുത്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് ചെയ്തത്.
തിരുവനന്തപുരം: ചാനൽ ചർച്ചയിൽ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ മുൻ എം.എൽ.എ പി.സി. ജോർജിന്റെ അറസ്റ്റ് വൈകിപ്പിക്കാൻ പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും കോടതി മൂക്കുകയറിട്ടതോടെയാണ് ഒടുവിൽ ജോർജ് അഴിക്കുള്ളിലായത്. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ പ്രതിപക്ഷ നിരയിലെ ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത ആനൂകൂല്യമാണ് പി.സി. ജോർജിന്റെ കാര്യത്തിൽ ആഭ്യന്തരവകുപ്പ് സ്വീകരിച്ചതെന്ന വിമർശനം ശക്തമാണ്. മുൻ എം.എൽ.എമാരായ പി.വി. അൻവറിനും കെ.എസ്. ശബരീനാഥനും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനും ലഭിക്കാത്ത പരിഗണന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ പി.സി. ജോർജിന് പൊലീസ് നൽകി.
മുസ്ലിം വിരുദ്ധ പരാമർശത്തിൽ കോട്ടയം സെഷൻസ് കോടതിയും പിന്നീട്, ഹൈകോടതിയും ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അപേക്ഷ തള്ളിയപ്പോഴും ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ല. വിമർശനം ശക്തമായതോടെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിനുള്ള നീക്കം തുടങ്ങിയത്. പിന്നാലെ, സ്റ്റേഷനിൽ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം ജോർജ് കോട്ടയം ജില്ല പൊലീസ് മേധാവിയോട് തേടിയിരുന്നു. ഇതുപ്രകാരം ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച ജോർജ് നാടകീയമായി ഈരാറ്റുപേട്ട കോടതിയിൽ ഹാജരാവുകയായിരുന്നു. കോട്ടയത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ജോർജിന്റെ നീക്കം. എന്നാൽ, ജോർജിന്റെയും അഭിഭാഷകന്റെയും തന്ത്രം പൊളിച്ച് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് പിന്നിലെ സൂത്രധാരനാണെന്നാരോപിച്ചാണ് 2022 ജൂലൈ 19ന് കെ.എസ്. ശബരീനാഥനെ ശംഖുംമുഖം പൊലീസ് അറസ്റ്റ് ചെയ്തത്. മൊഴിയെടുക്കാനാണെന്ന് നോട്ടീസ് നൽകി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശബരിയുടെ ജാമ്യം തിരുവനന്തപുരം ജില്ല സെഷൻസ് കോടതി പരിഗണിക്കുമ്പോഴാണ് ധിറുതിപിടിച്ചുള്ള അറസ്റ്റ്. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ അക്രമസംഭവത്തിൽ എം.എൽ.എ സ്ഥാനത്തിരിക്കുമ്പോഴാണ് രാത്രി വീടുവളഞ്ഞ് പി.വി. അൻവറിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.