കെ.എസ്.ആർ.ടി.സി ഡിപ്പോകളെ ഇനി പഞ്ചായത്തുകൾ വികസിപ്പിക്കും
കൽപറ്റ: പഞ്ചായത്തുകൾക്കെന്താ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ കാര്യം...? കാര്യമുണ്ട്... ഇനി തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ ഡിപ്പോകളിൽ വികസനപ്രവൃത്തികളും യാത്രക്കാർക്കുള്ള സൗകര്യങ്ങളുമൊരുക്കും. ഇതിനായി സ്വന്തം ഫണ്ടും വിനിയോഗിക്കാം. സർക്കാറിന്റെ നൂറുദിന കർമപദ്ധതി പ്രകാരം പദ്ധതി നടപ്പാക്കാൻ അനുമതി നൽകണമെന്ന് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ സർക്കാറിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ പഞ്ചായത്തുകൾക്ക് ഇതിൽ ഏറെ പരിമിതിയുണ്ട്.
തങ്ങളുടെ ചുമതലയിൽപെട്ട മേഖലയിലും കൈമാറ്റം ചെയ്ത് കിട്ടിയ സ്ഥാപനങ്ങൾക്കും വേണ്ടി മാത്രമേ പഞ്ചായത്തുകൾക്ക് പദ്ധതികൾ ആവിഷ്കരിക്കാനും ഫണ്ട് വിനിയോഗിക്കാനും കഴിയൂ. മറ്റൊരു വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ പ്രവൃത്തികൾ ചെയ്യുമ്പോൾ ബന്ധപ്പെട്ട വകുപ്പിന്റെ എൻ.ഒ.സി ആവശ്യവുമാണ്. എന്നാൽ ‘പൊതുഇടം’ എന്ന പരിഗണനയിലാണ് ഡിപ്പോകളിൽ പ്രത്യേക വികസനപ്രവൃത്തികൾ നടപ്പിലാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി ടി.വി അനുപമ ഉത്തരവിറക്കിയത്.
ഡിപ്പോകളിലെ പഞ്ചായത്ത് വികസനം ഇങ്ങനെ
പാർക്കിങ് സൗകര്യങ്ങളും വിശ്രമകേന്ദ്രങ്ങളും: നഗരങ്ങളിലോ നഗരസ്വഭാവമുള്ള സ്ഥലങ്ങളിലോ ഉള്ള ഡിപ്പോകളിൽ ആധുനിക സൗകര്യങ്ങളോടെ മൾട്ടിലെവൽ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കാം. അനുബന്ധമായി ‘ടേക്ക് എ ബ്രേക്ക്’ വിശ്രമകേന്ദ്രങ്ങളും ഒരുക്കാം. ഇവയുടെ അറ്റകുറ്റപ്പണികളും നടത്തിപ്പും ഏറ്റെടുക്കാം. ശൗചാലയ നവീകരണപ്രവൃത്തികളും നടപ്പിലാക്കാം. മാലിന്യസംസ്കരണ സംവിധാനങ്ങൾ: മേൽക്കൂരയുള്ള കമ്പോസ്റ്റ് പിറ്റ്, സ്ഥാപനതല ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളായ തുമ്പൂർമുഴി, ബയോഗ്യാസ് പ്ലാന്റ്, ബയോബിൻ, സാനിട്ടറി പാഡ് നശിപ്പിക്കൽ സൗകര്യം, മിനി എം.സി.എഫ് എന്നിവ സ്ഥാപിക്കാം.
സോളാർ സംവിധാനങ്ങൾ: ഡിപ്പോ കെട്ടിടങ്ങളുടെ മുകളിൽ സോളാർ സംവിധാനങ്ങൾ സ്ഥാപിക്കാം. ഇത് ഒരുക്കാൻ സർക്കാർ അംഗീകാരം നൽകിയ ഏജൻസികളുടെ സേവനം തേടണം.
വെളിച്ചസംവിധാനങ്ങൾ: ഡിപ്പോകളുടെ പ്രവേശന ഭാഗത്ത് മാത്രം തെരുവ് വിളക്ക്, ഹൈമാസ്റ്റ്-മിനിമാസ്റ്റ് ലൈറ്റുകൾ, വൈദ്യുതീകരണം എന്നിവ നടത്താം.
കുടിവെള്ളം, മുലയൂട്ടൽകേന്ദ്രം: യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കാനായി തണ്ണീർപന്തലുകൾ സ്ഥാപിക്കാം. വനിത ഘടകപദ്ധതി പ്രയോജനപ്പെടുത്തി മുലയൂട്ടൽകേന്ദ്രങ്ങൾ ഒരുക്കാം.
സി.സി.ടി.വി കാമറകൾ: പൊതുഇടം എന്ന നിലയിൽ സുരക്ഷക്കായി ഡിപ്പോകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാം. ഇതിന് വികസനഫണ്ട്, തനത് ഫണ്ട്, സി.എസ്.ആർ, സ്പോൺസർഷിപ്പ് എന്നിവയിലൂടെ പണം കണ്ടെത്താം.
ഹരിതവത്കരണം: ഡിപ്പോകളിൽ ഫലവൃക്ഷങ്ങൾ, മുള തുടങ്ങിയവ വെച്ച് പിടിപ്പിച്ചുള്ള ഹരിതവത്കരണം നടത്താം. മൂന്നുവർഷത്തെ പരിപാലന കരാറോടെ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.