പാലക്കാട്: ജില്ലയിൽ ശക്തമായ മഴയിൽ വൻനാശനഷ്ടം. ചരിത്രത്തിൽ ആദ്യമായി പാലക്കാട് നഗരം വെള്ളത്തിൽ മുങ്ങി. പാലക്കാട് താലൂക്കിൽ മാത്രം 192 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. എന്നാൽ, ഏകദേശം അഞ്ഞൂറോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറ്റിയിട്ടുണ്ട്. പാലക്കാട് താലൂക്കിൽ മാത്രം പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മലമ്പുഴ, പോത്തുണ്ടി, ആളിയാർ തുടങ്ങിയ പ്രധാന ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. മലമ്പുഴ ഡാമിൻറെ നാല് ഷട്ടറുകളും1.5 മീറ്ററാണ് ഉയർത്തിയത്.
ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരുമീറ്ററിന് മുകളിൽ ഷട്ടറുകൾ ഉയർത്തിയത്. ബുധനാഴ്ച അർധരാത്രിയിൽ മലമ്പുഴ ഡാമിൻറെ വൃഷ്ടി പ്രദേശങ്ങളിൽ രണ്ടിടത്ത് ഉരുൾപൊട്ടിയതിനെ തുടർന്നാണ് ഷട്ടറുകൾ ഉയർത്തിയത്. ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് കൽപാത്തി പുഴ കരകവിഞ്ഞു. കൽപാത്തി പുഴയുടെ തീരങ്ങളിലെ മിക്ക വീടുകളും വെള്ളത്തിനടിയിലായി.
മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മരുതറോഡ്, പുതുശ്ശേരി പഞ്ചായത്തുകളിലെയും പാലക്കാട് നഗരസഭ പരിധിയിലെയും നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ഏക്കർ കണക്കിന് കൃഷിയും വെള്ളത്തിൽ മുങ്ങി. പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണസേന എന്നിവരും സന്നദ്ധ, രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങി.
കഴിഞ്ഞ ദിവസങ്ങളിൽ ഭാരതപ്പുഴയിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. മലമ്പുഴ, ആളിയാർ ഡാമുകൾ തുറന്നതോടെ ഭാരതപ്പുഴ പ്രളയഭീഷണിയിലായി. ഭാരതപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബുധനാഴ്ച രാത്രി ഉരുൾ പൊട്ടിയതിനെ തുടർന്ന് മലമ്പുഴ ആണ്ടിമഠം പ്രദേശത്ത് ഒറ്റപ്പെട്ട കുടുംബങ്ങളെ സുരക്ഷിതമായി കരക്കെത്തിച്ചു. ബോട്ടുകളടക്കമുള്ള ആധുനിക സൗകര്യമുപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ഒലവക്കോട് ഭാഗം പൂർണമായി വെള്ളത്തിനടിയിലായതോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ രാവിലെ നാല് മണിക്കൂറോളം ഗതാഗതം പൂർണമായി സ്തംഭിച്ചു.
മലമ്പുഴ ഡാമിൽനിന്നുള്ള കുടിവെള്ള വിതരണ ശൃഘംല തകർന്നതോടെ പാലക്കാട് നഗരസഭയിലേക്കും സമീപത്തെ ഏഴു പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണം നിലച്ചു. ഏഴുദിവസത്തേക്ക് കുടിവെള്ള വിതരണമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.