പാർട്ടിയെ ചതിച്ചാൽ ദ്രോഹിക്കും; മുസ്ലിം ലീഗ് വിട്ടുവന്നവരെ സ്വീകരിച്ച് പി.കെ ശശി 

പാലക്കാട്: പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിക്കുമെന്നും ചതിച്ചാൽ ദ്രോഹിക്കുമെന്നും മുന്നറിയിപ്പ് നൽകി സി.പി.എം ഷൊർണൂർ എം.എൽ.എ പി.കെ. ശശി. കരിമ്പുഴയിൽ നിന്ന് മുസ്ലിംലീഗിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവരെ സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു എം.എൽ.എയുടെ പരാമർശം. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കെ ആളെക്കൂട്ടി പരിപാടി നടത്തിയതിൽ പി.കെ ശശിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. 

പാർട്ടിയെ വിശ്വസിച്ച് വന്നാൽ പൂർണസഹകരണം കിട്ടും. ആവശ്യമായ സഹകരണവും സുരക്ഷിതത്വവും നൽകും. ചതിച്ചാൽ ദ്രോഹിക്കും. ഇതാണ് പാർട്ടിനയമെന്നും ശശി പറഞ്ഞു. 

കരിമ്പുഴ പഞ്ചായത്തിലെ 16ാം വാർഡ് അംഗവും മുസ്ലിം ലീഗ് പ്രവർത്തകരുമാണ് രാജിവെച്ച് സി.പി.എമ്മിൽ ചേർന്നത്. നിരോധനാജ്ഞ നിലനിൽക്കെ 20 ലധികം ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതിൽ എം.എൽ.എക്കെതിരെ  വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സി.പി.എം പാർട്ടി ഓഫിസിൽ വെച്ചായിരുന്നു സ്വീകരണം. 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ജില്ലയാണ് പാലക്കാട്. ജില്ല സമൂഹ വ്യാപനത്തിന്‍റെ വക്കിലാണെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞിരുന്നു. അതിനിടെ എം.എൽ.എ തന്നെ തന്നെ നിരോധനാജ്ഞ ലംഘിച്ചത് ശരിയല്ലെന്നാണ് വിമർശനം. 

Tags:    
News Summary - P K Shashi in palakkad-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.