നവകേരളത്തിന് ജനകീയാസൂത്രണം’ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിച്ചു



തൃശൂര്‍: സി.പി.എം പരിപാടിയാക്കിയെന്നാരോപിച്ച് ‘നവകേരളത്തിന് ജനകീയാസൂത്രണം’ പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിച്ചു. മുന്‍ മന്ത്രിയും ലീഗ് നേതാവുമായ കുട്ടി അഹമ്മദ്കുട്ടി സമാപനസമ്മേളനത്തില്‍ പങ്കെടുത്തത് അറിയാതെയാണെന്നും ബഹിഷ്കരണ കാര്യം പി.കെ. കുഞ്ഞാലിക്കുട്ടിയോടും കെ.പി.എ. മജീദിനോടും സംസാരിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിലേക്ക് യു.ഡി.എഫ് നേതാക്കളായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ എന്നിവരെ ക്ഷണിച്ചിരുന്നു. ആരും  പങ്കെടുത്തില്ല. ജില്ലയിലെ ഏക യു.ഡി.എഫ് എം.എല്‍.എ അനില്‍ അക്കരയും വിട്ടുനിന്നു. ഉച്ചക്ക് രണ്ടരക്ക് നിശ്ചയിച്ച ആസൂത്രണപ്രവര്‍ത്തക സംഗമവും ക്രോഡീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്യേണ്ട പ്രതിപക്ഷ നേതാവ്  തൃശൂരില്‍ എത്തിയെങ്കിലും പങ്കെടുത്തില്ല. ഇതിലാണ് കുട്ടി അഹമ്മദ്കുട്ടി പങ്കെടുത്തത്.

തന്നെ പോലും വേണ്ട രീതിയില്‍ ക്ഷണിച്ചില്ളെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. മന്ത്രി ഫോണില്‍ വിളിച്ചാണ് ക്ഷണിച്ചത്. നോട്ടീസ് വൈകിയാണ് കിട്ടിയത്. അത് കണ്ടപ്പോഴാണ് മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കളെ ക്ഷണിച്ചില്ളെന്ന് മനസ്സിലായത്. നോട്ട് നിയന്ത്രണം ഉണ്ടാക്കിയ പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ഇത്തരം ഉദ്ഘാടന മാമാങ്കം ന്യായീകരിക്കാനാവില്ല. തദ്ദേശസ്ഥാപനങ്ങളില്‍ രൂപവത്കരിച്ച ജനകീയാസൂത്രണ സമിതികളില്‍ ഏകപക്ഷീയമായാണ് എല്‍.ഡി.എഫ് പ്രതിനിധികളെ ഉള്‍പ്പെടുത്തിയത്. സി.പി.എമ്മിനോട് അനുഭാവമുള്ള ശാസ്ത്രസാഹിത്യ പരിഷത്ത് തന്നെ തൃശൂരില്‍ നടത്തിയ സെമിനാറുകളുടെ പൊള്ളത്തരം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി തദ്ദേശമന്ത്രിക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

 

Tags:    
News Summary - OPPOSITION AGAINST GOVERNMENT PROGRAMME

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.