ഇനിമുതൽ കുടിവെള്ളം 'ഇ-ടാപ്പ്' വഴി; സെൽഫ് മീറ്റർ റീഡിങ് സംവിധാനവും ഏർപ്പെടുത്തുന്നു

തിരുവനന്തപുരം: പരമ്പരാ​ഗത രീതികളിൽനിന്നുള്ള മാറ്റത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി, കുടിവെള്ള കണക്ഷൻ നടപടികൾ അനായാസമാക്കാൻ കേരള വാട്ടർ അതോറിറ്റി ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തും. പുതിയ കണക്ഷൻ ലഭിക്കാൻ വാട്ടർ അതോറിറ്റി ഒാഫിസുകളിൽ നേരിട്ടെത്താതെ ഒാൺലൈൻ വഴി അപേക്ഷിക്കുന്നതിനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. ഉദ്ഘാടനം മന്ത്രി റോഷി അ​ഗസ്റ്റിൻ ചൊവ്വാഴ്​ച വൈകിട്ട് നാലിന്​ വെള്ളയമ്പലം വാട്ടർ അതോറിറ്റി ആസ്ഥാനത്ത് നിർവഹിക്കും. സെൽഫ് മീറ്റർ റീഡിങ് സംവിധാനം, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മാനേജ്‌മെന്റ് സൊല്യൂഷൻ (എഫ്.എ.എം.എസ്), മെറ്റീരിയൽസ് മാനേജ്മെന്റ് സിസ്റ്റം, ആപ്ട് എന്നീ പുതിയ സോഫ്ട് വെയറുകളുടെ ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം നിർവഹിക്കും.

പ്രാരംഭഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പിടിപി ന​ഗർ സബ് ഡിവിഷൻ, സെൻട്രൽ സബ് ഡിവിഷനു കീഴിലെ പാളയം സെക്ഷൻ, കോഴിക്കോട് മലാപ്പറമ്പ് സബ് ഡിവിഷൻ എന്നീ വാട്ടർ അതോറിറ്റി ഒാഫിസുകൾക്കുകീഴിലെ കണക്ഷനുകൾക്കാണ് പൂർണമായും ഒാൺലൈൻ വഴി അപേക്ഷിക്കാൻ സൗകര്യമേർപ്പെടുത്തുന്നത്. ഉടൻ തന്നെ വാട്ടർ അതോറിറ്റിയുടെ എല്ലാ കുടിവെള്ള കണക്ഷനുകളും പൂർണമായും ഒാൺലൈൻ വഴി ലഭ്യമാക്കാനുള്ള സംവിധാനം നിലവിൽ വരും. അപേക്ഷ സമർപ്പിക്കുന്നതുമുതൽ ഒരു ഘട്ടത്തിൽ പോലും അപേക്ഷകൻ ഓഫീസിൽ എത്തേണ്ടതില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ മെച്ചം.

കുടിവെള്ള കണക്ഷൻ ഒാൺലൈൻ വഴി ലഭ്യമാക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന ഇ-ടാപ്പ് സംവിധാനം വഴി, അപേക്ഷകളോടൊപ്പം അനുബന്ധ രേഖകൾ ഫോട്ടോ എടുത്തോ സ്കാൻ ചെയ്തോ ഉൾപ്പെടുത്താൻ സാധിക്കും. ഈ അപേക്ഷകൾ ബന്ധപ്പെട്ട സെക്ഷൻ ഓഫീസുകളിൽ എത്തുന്നതോടെ സ്ഥലപരിശോധനയ്ക്കായി കൈമാറും. ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി കണക്ഷൻ നൽകാൻ സാധിക്കും എന്നു ബോധ്യപ്പെടുന്നതോടെ കണക്ഷൻ നൽകുന്ന പ്ലംബറെയും എസ്റ്റിമേറ്റ് തുകയും തീരുമാനിക്കും. ഈ വിവരങ്ങൾ അപേക്ഷകന് എസ്എംഎസ് ആയി ലഭിക്കും. തുക ഓൺലൈൻ ആയി തന്നെ അടയ്ക്കുന്നതിനുള്ള സൗകര്യവും ഇ-ടാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുക ഓൺലൈൻ ആയി അടയ്ക്കുന്നതോടെ കണക്ഷൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് കൺസ്യൂമർ സർവീസ് സെന്ററുകൾ വഴിയോ വാട്ടർ അതോറിറ്റി ഓഫീസുകൾ വഴിയോ ഇ-ടാപ്പ് അപേക്ഷകൾ സമർപ്പിക്കാം.

സെൽഫ് മീറ്റർ റീഡിങ്

വാട്ടർ അതോറിറ്റി ഓഫീസിൽ ബിൽ സൃഷ്ടിക്കപ്പെടുമ്പോൾത്തന്നെ, ഉപഭോക്താവിന് എസ്എംഎസ് ആയി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് സ്വയം വാട്ടർ മീറ്റർ റീഡിങ് രേഖപ്പെടുത്താൻ സാധിക്കുന്ന സംവിധാനമാണ് സെൽഫ് മീറ്റർ റീഡിങ്. ഉപഭോക്താവ് മീറ്റർ റീഡിങ് രേഖപ്പെടുത്തി മീറ്ററിന്റെ ഫോട്ടോ എടുക്കുമ്പോൾ തന്നെ മീറ്റർ/ കണക്ഷൻ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ജിയോ ലൊക്കേഷനും രേഖപ്പെടുത്തും. ഇങ്ങനെ സമർപ്പിക്കുന്ന റീഡിങ് പരിശോധിച്ച്, ഉപഭോക്താവിന് ബിൽ തുകയും മറ്റു വിവരങ്ങളും എസ്എംഎസ് ആയി നൽകും. ബിൽ തുക ഉപഭോക്താവിന് ഓൺലൈൻ ആയി തന്നെ അടയ്ക്കാനും സാധിക്കും.

ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മാനേജ്‌മന്റ് സൊല്യൂഷൻ (എഫ്. എ. എം. എസ്)

വാട്ടർ അതോറിറ്റിയുടെ ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണത്തിനു സഹായകരമായ ഡിജിറ്റൽ ബാങ്കിങ് സൊല്യൂഷനാണ് ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മാനേജ്‌മന്റ് സൊല്യൂഷൻ (എഫ്. എ. എം. എസ്). ഇതുവഴി അതോറിറ്റിയിൽ സാമ്പത്തിക അവലോകനം സു​ഗമമാവുകയും ദിനംപ്രതിയുള്ള വാട്ടർ ചാർജ് കളക്ഷൻ തുക ലഭ്യമാക്കുന്നതു വഴി റവന്യൂ മോണിറ്ററിങ്‌ കാര്യക്ഷമമാവുകയും ചെയ്യും. വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള സ്റ്റോറുകളിലെ സാമ​ഗ്രികളുടെ കൈകാര്യം കാര്യക്ഷമമാക്കുന്ന സംവിധാനമാണ് മെറ്റീരിയൽസ് മാനേജ്മെന്റ് സിസ്റ്റം. അതോറിറ്റിയുടെ ദർഘാസ് പരസ്യങ്ങളുടെ പ്രസിദ്ധീകരണത്തിനുള്ള ഒാൺലൈൻ സംവിധാനമാണ് ആപ്ട്(ഒാട്ടമേറ്റഡ് പ്ലാറ്റ്ഫോം ഫോർ പബ്ലിഷിങ് ടെൻഡർ നോട്ടിഫിക്കേഷൻസ് ഒാഫ് കെഡബ്ല്യുഎ) സേവനങ്ങളും ഒാഫിസ് നടപടിക്രമങ്ങളും ലളിതമാക്കാനായി വാട്ടർ അതോറിറ്റി ഐടി വിഭാ​ഗം തയാറാക്കിയ 13 സോഫ്ട് വെയറുകളുടെ ഉ​ദ്ഘാടനം കഴിഞ്ഞ മാസങ്ങളിൽ നിർവഹിച്ചിരുന്നു.

Tags:    
News Summary - online water connection, e tap from kerala water authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.