സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നന്ദന്‍കോട് നിന്നും ശേഖരിച്ച സാമ്പിളുകള്‍ ആലപ്പുഴ എന്‍.ഐ.വിയില്‍ നടത്തിയ പരിശോധനയിലാണ് 40 വയസുകാരന് സിക വൈറസ് സ്ഥിരീകരിച്ചത്. ആദ്യഘട്ടമായി അയച്ച 17 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് രണ്ടാംഘട്ടമായി അയച്ച 27 സാമ്പിളുകളിലാണ് ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 15 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.


അതേസമയം, സംസ്ഥാനത്ത് സിക വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തീരെ അപ്രതീക്ഷിതമായല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡങ്കി, ചിക്കുന്‍ ഗുനിയ തുടങ്ങിയ വൈറസ് രോഗങ്ങളെ പോലെ ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോപിക്റ്റസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക. കേരളത്തില്‍ ഈഡിസ് ഈജിപ്തി കൊതുകിന്‍റെ സാന്ദ്രത വളരെ കൂടുതലാണ് -മുഖ്യമന്ത്രി പറഞ്ഞു.


ഗുരുതരമായ രോഗമല്ലെങ്കിലും സിക രോഗത്തിന്‍റെ പ്രധാനപ്രശ്നം ഗര്‍ഭിണികളെ ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് തലച്ചോറിന്‍റെ വളർച്ച മുരടിക്കുന്ന മൈക്രോകെഫലി എന്ന വൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നതാണ്. അപൂര്‍വ്വമായി സുഷുമ്ന നാഡിയെ ബാധിക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോം സിക രോഗികളില്‍ കണ്ടിട്ടുണ്ട്. കേരളത്തില്‍ സിക കണ്ടെത്തിയ സ്ത്രീ പ്രസവിച്ച കുട്ടിയില്‍ ആരോഗ്യപ്രശ്നമൊന്നും കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 



Tags:    
News Summary - one more zika case reported in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.