തിരുവനന്തപുരം: മലബാർ കാൻസർ സെൻറർ പ്രഥമ ഡയറക്ടറും തിരുവനന്തപുരം ആർ.സി.സി സർജറി വിഭാഗം മേധാവിയുമായിരുന്ന പട്ടം ഗ്ലെൻ ഫീൽഡിൽ (എടക്കാട്) ഡോ. ഇഖ്ബാൽ അഹമ്മദ് (68) അന്തരിച്ചു. അർബുദ ചികിത്സാരംഗത്ത് ശ്രദ്ധേയമായ സേവനം നടത്തിയ ഇദ്ദേഹം തലസ്ഥാനത്തെ ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു. വെള്ളിയാഴ്ച പുലർച്ചയായിരുന്നു അന്ത്യം.
അസി.സെയിൽസ് കമീഷണറായിരുന്ന പള്ളിപ്പുറം എടക്കാട് വീട്ടിൽ മുഹമ്മദ് ഇബ്രാഹീമിെൻറ മകനായി 1951 ഒക്ടോബർ രണ്ടിനാണ് ജനനം. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് സർജറിയിൽ ബിരുദാനന്തര ബിരുദവും നേടി. മൂന്ന് വർഷം കണ്ണൂർ എ.കെ.ജി മെമ്മോറിൽ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു. തിരുവനന്തപരും മെഡിക്കൽ കോളജ് ആശുപത്രിയിൽ അർബുദ ചികിത്സാവിഭാഗം ആരംഭിച്ചതോടെ ഇവിടെ നിയമിതനായി. ഇതിനിടെ ഇംഗ്ലണ്ടിൽ രണ്ടുവർഷം ഉപരിപഠനവും നടത്തി. തിരികെയെത്തിയ ശേഷമാണ് ആർ.സി.സിയിൽ ജോലിയിൽ പ്രവേശിച്ചത്. മലബാർ കാൻസർ സെൻറർ ആരംഭിച്ചതോടെ പ്രഥമ ഡയറക്ടറായി. 2001 മുതൽ 2009 വരെഇവിടെ സേവനമനുഷ്ഠിച്ചു. തുടർന്ന്, ആർ.സി.സിയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 2017ലാണ് വിരമിച്ചത്.
ടി.കെ.എം ഗ്രൂപ് സ്ഥാപകൻ തങ്ങൾ കുഞ്ഞ് മുസ്ലിയാരുടെ മകൾ മറിയം ബീവിയാണ് ഭാര്യ. മക്കൾ: ഫർസാന അഹമ്മദ്, ഫിേറാസ് അഹമ്മദ്. മരുമക്കൾ: ഡോ. അനീസ്, അഫ്ഷാൻ. ഖബറടക്കം കണിയാപുരം പരിയാരത്തുംകര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.
ഡോ. എം. ഇക്ബാൽ അഹമ്മദിെൻറ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അർബുദ ചികിത്സരംഗത്ത് സ്വയം സമർപ്പിത ജീവിതമായിരുന്നു അദ്ദേഹത്തിേൻറതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.