മിത്ത്​ വിവാദം: പ്രത്യക്ഷ പ്രക്ഷോഭത്തിനില്ലെന്ന് എൻ.എസ്​.എസ്; ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് സുകുമാരൻ നായർ

ചങ്ങനാശ്ശേരി (കോട്ടയം): സ്പീക്കറുടെ മിത്ത്​ വിവാദത്തിൽ പ്രത്യക്ഷ പ്രക്ഷോഭത്തിനില്ലെന്നും പ്രശ്നം വഷളാക്കരുതെന്നും നടപടി സ്വീകരിക്കണമെന്നും സർക്കാറിനോട്​ ആവശ്യപ്പെട്ട്​ എൻ.എസ്​.എസ്​. അല്ലാത്തപക്ഷം വിശ്വാസ സംരക്ഷണത്തിന്​ നിയമപരമായ നടപടി സ്വീകരിക്കാനാണ്​ തീരുമാനം. പെരുന്നയിലെ ആസ്ഥാനത്തുചേർന്ന എൻ.എസ്​.എസ്​ ഡയറക്​ടർ​ ബോർഡ്​ യോഗമാണ്​ ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്​. ഹിന്ദു സംഘടനകളുമായി ചേർന്നുള്ള പ്രക്ഷോഭം ഉൾപ്പെടെ മുമ്പ്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പ്രഖ്യാപനങ്ങളിൽ പലതിലും യോഗം തീരുമാനമെടുത്തില്ല.

സംഘ്​പരിവാർ ശക്തികൾക്ക്​ നേട്ടം കൊയ്യുന്ന നിലയിലുള്ള തീരുമാനങ്ങൾ ഉണ്ടാകരുതെന്ന അഭിപ്രായം യോഗത്തിലുണ്ടായി. അതിന്‍റെ അടിസ്ഥാനത്തിലാണ്​ നേരത്തേയുള്ള പ്രഖ്യാപനങ്ങളിൽനിന്ന്​ എൻ.എസ്​.എസ്​ പിന്നാക്കം പോയത്​. വിഷയത്തിൽ പരസ്യ പ്രതിഷേധങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ല. ഇക്കാര്യത്തിൽ സംഘടനക്കുള്ളിൽ ഭിന്നാഭിപ്രായമുണ്ടെന്നാണ്​ വിവരം.

സ്പീക്കര്‍ ഷംസീറിന്റെ തെറ്റായ പരാമര്‍ശങ്ങളാണ് വിവാദത്തിന് ഇടയാക്കിയതെന്ന്​ യോഗത്തിനുശേഷം പുറത്തിറക്കിയ ജനറൽ സെക്രട്ടറിയുടെ വാർത്തക്കുറിപ്പ്​ വ്യക്തമാക്കുന്നു. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുംവിധം നടത്തിയ പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണം, അല്ലാത്തപക്ഷം സംസ്ഥാന സർക്കാർ സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് എന്‍.എസ്.എസ് ഉന്നയിച്ചത്.

വിഷയത്തിൽ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന്​ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇതില്‍ ശക്തമായ പ്രതിഷേധമുണ്ട്. പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ സര്‍ക്കാര്‍ ഉടനടി നടപടിയെടുക്കണം. അല്ലാത്തപക്ഷം വിശ്വാസ സംരക്ഷണത്തിന്​ നിയമപരമായ മാർഗങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും എന്‍.എസ്.എസ് ജന. സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.

Tags:    
News Summary - NSS reiterated that Shamseer is not deserving to continue as Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.