സർക്കാർ ഓഫിസുകളിൽ മാപ്പപേക്ഷ വേണ്ട

പാലക്കാട്: സർക്കാർ ഓഫിസുകളിൽ ഇനി പൊതുജനം മാപ്പപേക്ഷിക്കേണ്ട. മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം എന്നീ വാക്കുകൾ അപേക്ഷ ഫോമുകളിൽനിന്ന് നീക്കം ചെയ്യാൻ സർക്കാർ ഉത്തരവായി. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് ആണ് ഉത്തരവിറക്കിയത്.

പൗരന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുകയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നതായതിനാൽ മാപ്പപേക്ഷ എന്ന പദവും കാഴ്ചപ്പാടും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത ഔദ്യോഗിക ഭാഷസമിതിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകിയിരുന്നു.

വിവിധ സർക്കാർ ആനുകൂല്യങ്ങൾ, ജനന-മരണ-വിവാഹ രജിസ്ട്രേഷൻ തുടങ്ങിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സമയബന്ധിതമായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർ മാപ്പപേക്ഷ നൽകേണ്ടതുണ്ട്.

ഇത് റദ്ദാക്കുന്നതാണ് നിലവിലെ ഉത്തരവ്. കലക്ടർ ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥർക്ക് മാപ്പപേക്ഷ സ്വീകരിക്കാനോ മാപ്പ് നൽകാനോ ഭരണഘടനാപരമായി അവകാശമില്ലെന്ന് കാണിച്ച് നൽകിയ പരാതി പരിഗണിച്ച മനുഷ്യാവകാശ കമീഷൻ വിവിധ വകുപ്പുകളോട് വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. തുടർന്ന് പഞ്ചായത്ത് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട സർക്കുലറിൽ മാപ്പപേക്ഷ വ്യവസ്ഥ ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പദങ്ങൾ റദ്ദ് ചെയ്ത് ഉത്തരവിറക്കിയത്. 

Tags:    
News Summary - No need to apologize in government offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.