കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പൊലീസ്
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഒപ്പൺ സ്റ്റേജിന് സമീപം മണലിൽ പുതഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ പ്രഭാത സവാരിക്കിടെ സ്ഥലത്തെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ആറ് മണിയോടെ ബീച്ചിൽ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. കടലിനോട് ചേർന്നുള്ള താഴ്ന്ന ഭാഗത്ത് മണലിന്റെ നിറത്തിൽ ചെരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആദ്യം കണ്ടപ്പോൾ ഇതൊരു കളിപ്പാട്ടമോ പ്രതിമയോ ആണെന്നാണ് കരുതിയതെന്നും എന്നാൽ അടുത്തുചെന്ന് നോക്കിയപ്പോഴാണ് നവജാത ശിശുവാണെന്ന് മനസ്സിലായതെന്നും നാട്ടുകാർ പറഞ്ഞു. ഉടൻതന്നെ വിവരം ബീച്ചിലെ സെക്യൂരിറ്റി ജീവനക്കാരെയും തുടർന്ന് പൊലീസ് കൺട്രോൾ റൂമിലും അറിയിച്ചു.
വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി പ്രദേശം സുരക്ഷാവലയത്തിലാക്കുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കും തുടർനടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
ആളുകൾ ധാരാളമായി വന്നുപോകുന്ന ഒരു പൊതുസ്ഥലത്ത്, ആരുടെയും ശ്രദ്ധയിൽപ്പെടാതെ മൃതദേഹം എങ്ങനെ എത്തി എന്നതിൽ വലിയ ദുരൂഹത നിലനിൽക്കുന്നുണ്ട്. ജനനശേഷം ഉപേക്ഷിച്ചതാണോ അതോ കൊലപാതകമാണോ എന്ന സംശയത്തിലാണ് പൊലീസ്. കുഞ്ഞിന്റെ അമ്മയെയും സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലിസ്.
സംഭവസ്ഥലത്തിന് സമീപത്ത് സിസിടിവി കാമറകൾ ഇല്ലാത്തത് അന്വേഷണത്തിന് ചെറിയ തോതിൽ തിരിച്ചടിയാകുന്നുണ്ടെങ്കിലും, ബീച്ചിലേക്കുള്ള പ്രധാന വഴികളിലെയും പരിസരങ്ങളിലെയും കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
പ്രഭാത സവാരിക്കാരുടെയും പ്രദേശവാസികളുടെയും വിശദമായ മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരമാലകളിൽപ്പെട്ട് മൃതദേഹം കരക്കടിഞ്ഞതാകാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ട റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കുഞ്ഞിന്റെ മരണകാരണത്തെക്കുറിച്ചും ജനനസമയത്തെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.