എന്‍.ഐ.ഒ.എസ് പാഠ്യപദ്ധതി കാവിവൽക്കാരിക്കാനുള്ള സംഘ്പരിവാര്‍ നീക്കം ചെറുക്കണം -എസ്‌.ഐ.ഒ

കോഴിക്കോട്​: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് പ്രകാശനം ചെയ്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിങ്ങിന്‍റെ (എന്‍.ഐ.ഒ.സ്) പുതിയ പാഠ്യപദ്ധതി, വിദ്യാഭ്യാസത്തെ കാവിവൽക്കാരിക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിന്‍റെ ഭാഗമാണെന്നും ഭാരതീയ ജ്ഞാന പരമ്പര എന്ന പേരില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ കോഴ്‌സുകള്‍ ഇന്ത്യയുടെ ബഹുമുഖ പാരമ്പര്യത്തെ ബോധപൂർവം തിരസ്‌കരിക്കുന്നതാണെന്നും എസ്.ഐ.ഒ. രാമായണവും വേദങ്ങളും ഭഗവത്ഗീതയും യോഗയും ഗോപരിപാലനവും ഉള്‍പ്പടെ 15 കോഴ്സുകള്‍ അടങ്ങിയ 'ഭാരതീയ ജ്ഞാന പരമ്പര' എന്ന പാഠ്യപദ്ധതിയെ എന്‍.ഐ.ഒ.എസ് സിലബസില്‍ ചേര്‍ക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തെ ചെറുക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ വൈജ്ഞാനിക പാരമ്പര്യത്തെ വീണ്ടെടുക്കാനെന്ന പേരില്‍ നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതി പൊതുവിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനും വിജ്ഞാനത്തിന്‍റെ മേലുള്ള ബ്രാഹ്‌മണ അധീശത്വത്തെ അരക്കിട്ടുറപ്പിക്കാനുമുള്ള സംഘ്പരിവാര്‍ അജണ്ടയാണ്. ബൗദ്ധ-ദ്രാവിഡ-മുസ്​ലിം-ഇതര സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ബഹുമുഖമായ വൈജ്ഞാനിക പാരമ്പര്യത്തിന്‍റെ വൈവിധ്യത്തെ അവഗണിച്ചുകൊണ്ട് ആ പേരില്‍ ഹൈന്ദവ വിശ്വാസങ്ങളെ പാഠ്യപദ്ധതിയിലേക്ക് ഒളിച്ചുകടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ എന്‍.ഐ.ഒ.എസിലൂടെ നിരവധി വിദ്യാര്‍ഥികളാണ് എല്ലാ വര്‍ഷവും അവരുടെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നത്. അവരില്‍ വലിയൊരു വിഭാഗം മദ്രസകളിലും മറ്റു സ്ഥാപനങ്ങളിലുമായി മതവിദ്യാഭ്യാസം തുടരുന്നവരുമാണ്. ആദ്യഘട്ടത്തില്‍ അത്തരത്തിലുള്ള നൂറോളം മദ്രസകളിലേക്ക് പുതിയ പാഠ്യപദ്ധതി നടപ്പാക്കാനാണ് എന്‍.ഐ.ഒ.എസ് തീരുമാനം. ഇത് പൊതുവിദ്യാഭ്യാസ സംവിധാനത്തിന്‍റെ ബഹുസ്വരതയെ ഇല്ലാതാക്കുന്നതോടൊപ്പം വിശ്വാസ സ്വാതന്ത്ര്യത്തെയും ബാധിക്കും.

ഏറെ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും പരിഹരിക്കാന്‍ തയാറാവാതെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പ്രതിഫലനമായാണ് ഈ പാഠ്യപദ്ധതിയെയും മനസ്സിലാക്കേണ്ടത്. ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച്​ ഏകശിലാത്മകമായ സങ്കല്‍പത്തെ ഉയര്‍ത്തിപ്പിടിക്കുന്നതും ഭാഷാപരവും മതപരവുമായ വൈവിധ്യങ്ങളെ നിരാകരിക്കുന്നതുമായ പ്രസ്തുത നയങ്ങളുടെ പിന്‍ബലത്തിലാണ് സംഘ്​പരിവാര്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തെ, അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിപ്പണിയാന്‍ ഒരുമ്പെടുന്നത്.

രാജ്യത്തെ മുസ്​ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ വംശീയമായ ആക്രമണങ്ങള്‍ക്ക് നിരന്തരം വിധേയമാകുന്ന ഈ സാഹചര്യത്തില്‍ അവരുടെ ചരിത്രത്തെയും വൈജ്ഞാനികതയെയും തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധം ഉയരേണ്ടത് അനിവാര്യമാണെന്ന് എസ്.ഐ.ഒ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ്​ ഇ.എം. അംജദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, സെക്രട്ടറിമാരായ സഈദ് കടമേരി, വാഹിദ് ചുള്ളിപ്പാറ, വി.പി. റഷാദ്, ഷറഫുദ്ദീന്‍ നദ്​വി, ഷമീര്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    
News Summary - must resist move to sabotage NIOS syllabus -SIO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.