മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ ജാതിതിരിഞ്ഞ് സംഘര്‍ഷം; 14 പേര്‍ക്ക് പരിക്ക് 

മൂന്നാര്‍: മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ ജാതിതിരിഞ്ഞുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ ഇരുഭാഗത്തുമായി 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്നുവാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. കണ്ണന്‍ ദേവന്‍ കമ്പനി ലക്ഷ്മി എസ്റ്റേറ്റിലെ ലക്ഷ്മി എസ്.സി കോളനിയില്‍ രണ്ട് സമുദായക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പരിക്കേറ്റവരെ മൂന്നാര്‍ ടാറ്റ ടീ, അടിമാലി സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലര്‍ക്കും വെട്ടേറ്റിട്ടുണ്ട്.

കോളനിയിലെ മാരിയമ്മന്‍ കറുപ്പസാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചത്. തമിഴ് വംശജര്‍ കൂടുതലുള്ള ഈ കോളനിയില്‍ പള്ളര്‍, തേവര്‍ സമുദായക്കാര്‍ തമ്മിലായിരുന്നു സംഘട്ടനം. ഉത്സവത്തിനിടെ ശനിയാഴ്ച രാത്രിതന്നെ ഇരുവിഭാഗവും വാക്കുതര്‍ക്കവും സംഘര്‍ഷവും ഉടലെടുത്തിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി ഞായറാഴ്ച വൈകീട്ട് ഉത്സവം സമാപിച്ച ഉടനായിരുന്നു ഏറ്റുമുട്ടല്‍. തേവര്‍ സമുദായക്കാര്‍ തമിഴ്നാട്ടില്‍നിന്ന് ആളുകളെ കൊണ്ടുവന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പള്ളര്‍ വിഭാഗക്കാര്‍ പറയുന്നു. ഉത്സവത്തിന്‍െറ സമാപനത്തോടനുബന്ധിച്ച് തയാറാക്കിയിരുന്ന ഭക്ഷണം വിളമ്പുന്നതിനിടെ ഒരുവിഭാഗം വാഹനത്തില്‍ ആയുധങ്ങളുമായത്തെി ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് പറയപ്പെടുന്നു. ഒരു കാര്‍ പൂര്‍ണമായും അടിച്ചുതകര്‍ത്തു.

ഈ രണ്ട് സമുദായക്കാര്‍ തമ്മില്‍ ലക്ഷ്മി കോളനിയില്‍ നേരത്തേ മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതാണ് ഉത്സവദിവസം ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്നാര്‍ ഡിവൈ.എസ്.പി അനിരുദ്ധന്‍െറ നേതൃത്വത്തില്‍ സി.ഐ സാം ജോസ്, എസ്.ഐമാരായ വിന്‍സന്‍റ് ജോസഫ്, പി. ജിതേഷ്, സി.എം. ബഷീര്‍ എന്നിവര്‍ ഉള്‍പ്പെട്ട വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.


 

Tags:    
News Summary - munnar lakshmi estate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.