കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിൽ 414 ദിവസമായ സമരം ഒരു വിഭാഗം പ്രതിഷേധക്കാർ അവസാനിപ്പിച്ചു. ഹൈകോടതി നിര്‍ദേശപ്രകാരം ഭൂമിക്ക് കരമടക്കാന്‍ ഉത്തരവ് ലഭിച്ചതോടെയാണ് മുനമ്പം ഭൂസംരക്ഷണസമിതിയിലെ ഒരു വിഭാഗം തീരുമാനിച്ചത്. മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, കെ.എൻ. ഉണ്ണിക്കൃഷ്‌ണൻ എം.എൽ.എ എന്നിവർ സമരപ്പന്തലിലെത്തി. സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകി സമരം അവസാനിപ്പിച്ചു. ഇത് താൽക്കാലിക ഇടവേള മാത്രമാണെന്ന് സമരസമിതി രക്ഷാധികാരി ഫാദർ ആന്റണി സേവ്യർ പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടായാൽ വീണ്ടും സമരം ആരംഭിക്കുമെന്ന് ഫാദർ ആന്റണി സേവ്യർ അറിയിച്ചു.
എന്നാൽ, ശാശ്വത പരിഹാരം കാണും വരെ സമരം തുടരുമെന്ന് വ്യക്തമാക്കി മറ്റൊരു വിഭാഗം വേദിയിൽ മുദ്രാവാക്യം വിളിച്ചു. തുടർന്ന് പുതിയ വേദിയിൽ വിമതർ സമരം തുടങ്ങുകയും ചെയ്തു.
മുനമ്പം ഭൂമി വഖഫ് ആയി പ്രഖ്യാപിച്ചതിനെത്തുടർന്ന് 2024 ഒക്ടോബര്‍ 13നാണ് സമരം തുടങ്ങിയത്. വഖഫ് തർക്കം നിലനിൽക്കുന്ന മുനമ്പത്തെ ഭൂമിയിലെ നിലവിലെ കൈവശക്കാരിൽനിന്ന് താൽക്കാലികമായി ഭൂനികുതി ഈടാക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. മുനമ്പം വിഷയത്തിലെ ജുഡീഷ്യൽ കമീഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള അപ്പീൽ ഹരജിയിലെ തീരുമാനത്തിന് വിധേയമായി നികുതി ഈടാക്കാനാണ് ജില്ല കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർക്ക് ജസ്റ്റിസ് സി. ജയചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്. പോക്കുവരവ് ചെയ്യുന്നതിനുവേണ്ടി കുഴുപ്പിള്ളി വില്ലേജിൽ ഹെൽപ് ഡെസ്ക് തുറക്കാമെന്ന് മന്ത്രി പി. രാജീവിൽനിന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തു. ഇതോടെയാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നതായി ഭൂസംരക്ഷണ സമിതി അറിയിച്ചത്. മുനമ്പം തീരത്ത് താമസിക്കുന്ന 250ഓളം കുടുംബങ്ങൾ കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലായി കരമടച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.