തിരുവല്ല: എംസി റോഡിലെ കുറ്റൂരിൽ വെച്ച് മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. ടാങ്കർ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറ്റൂർ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്.
തമിഴ്നാട്ടിൽ നിന്നും കോട്ടയത്തേക്ക് വാഴക്കുലകൾ കയറ്റി പോയ മിനി ലോറിയും മഹാരാഷ്ട്രയിൽ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പാൽ കയറ്റി വന്ന ടാങ്കറും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ മിനി ലോറി ഡ്രൈവർ മരണപ്പെട്ടു. മൃതദേഹം ഫയർഫോഴ്സ് എത്തി ഒന്നരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ നാലരയോടെ ക്യാബിൻ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.
മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട മിനി ലോറി ഡ്രൈവറുടെ വിലാസം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ടാങ്കറിന്‍റെ ഡ്രൈവറായ മഹാരാഷ്ട്ര സ്വദേശി വിനായക് ( 21 )നാണ് പരിക്കേറ്റത്. രണ്ട് കൈകൾക്കും പരിക്കേറ്റ ഇയാളെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.