മില്‍മ പാലിന് വില കുത്തനെകൂട്ടിയിട്ടും പ്രയോജനമില്ളെന്ന് കര്‍ഷകര്‍

തിരുവനന്തപുരം: മില്‍മപാലിന് വില കുത്തനെകൂട്ടിയിട്ടും പ്രയോജനമില്ളെന്ന് കര്‍ഷകര്‍. ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ പുതുക്കിയവില നിലവില്‍വന്നു. വില വര്‍ധനവിലൂടെ കര്‍ഷകര്‍ക്ക് 3.35 രൂപയാണ് ലഭിക്കുന്നതെങ്കിലും പാല്‍വില ചാര്‍ട്ട് തയാറാക്കുമ്പോള്‍ ശരാശരി ഗുണനിലവാരമുള്ള പാലിന് (4.1 ശതമാനം കൊഴുപ്പും 8.3 ശതമാനം ഖരപദാര്‍ഥങ്ങളും അടങ്ങിയത്) 4.2 രൂപവരെ അധികംലഭിക്കും. അതായത് ശരാശരി ഗുണനിലവാരമുള്ള പാലിന് ഇപ്പോള്‍ കര്‍ഷകന് ലഭിക്കുന്ന 30.12  രൂപ എന്നത് 34.14 രൂപയായി വര്‍ധിക്കും.

സംഘങ്ങള്‍ക്ക് ഇപ്പോള്‍ മില്‍മയില്‍നിന്ന് ലഭിക്കുന്ന 31.50 രൂപ എന്നത് 35.87 ആയി ഉയരുമെന്നുമാണ് മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍, ഗുണനിലവാരമില്ളെന്ന കാരണംപറഞ്ഞ് സംഘങ്ങള്‍ ഗണ്യമായി വില കുറക്കുന്നെണ്ടെന്നാണ് കര്‍ഷകരുടെ അഭിപ്രായം. മില്‍മയുടെ പല പദ്ധതികളും പരാജയമായിരുന്നു. പട്ടികജാതിക്കാരുടെ കോര്‍പസ് ഫണ്ടില്‍നിന്ന് കോടിക്കണക്കിന് മുടക്കി അഞ്ചു കന്നുകുട്ടികളെ വിതരണംചെയ്യുന്ന പദ്ധതി നടപ്പാക്കിയിരുന്നു.

എന്നാല്‍ പശു ഫാം ഉണ്ടാക്കാന്‍ സ്ഥലമില്ലാത്ത പട്ടികജാതിക്കാര്‍ക്ക് പരിപാലിക്കാന്‍ ഭൂമിയില്ലാത്തതിനാല്‍ ക്രമേണ പശുക്കളെ വില്‍ക്കേണ്ടിവന്നു. വേനലായതോടെ പുല്ലിന് കടുത്തക്ഷാമം നേരിടുകയാണ്. കാലത്തീറ്റക്കും അടിക്കടി വിലയും കൂടുന്നു. മില്‍മയാകട്ടെ കാലിത്തീറ്റയുടെ സബ്സിഡി പിന്‍വലിക്കുകയും ചെയ്തു. ശരാശരി ഒരു പശുവിന്‍െറ തീറ്റക്കായി 250 രൂപയോളം വേണമെന്നാണ് ക്ഷീരകര്‍ഷകര്‍ പറയുന്നത്. മില്‍യുടെ പിന്തുണ ലഭിക്കുന്നത് പാല്‍ അളക്കുന്ന കാര്യത്തില്‍ മാത്രമാണ്. എത്ര പാലുണ്ടായാലും മില്‍മ എടുത്തുകൊള്ളും. കുളമ്പുരോഗം അടക്കം പടര്‍ന്നുപിടിക്കുമ്പോള്‍ മില്‍മ താങ്ങായി പ്രവര്‍ത്തിക്കുന്നില്ല. 

Tags:    
News Summary - milma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.