പാലുല്‍പാദനത്തില്‍ 80,000 ലിറ്ററിന്‍െറ കുറവുണ്ടായെന്ന് മില്‍മ

തിരുവനന്തപുരം: സംസ്ഥാനത്ത് പാലുല്‍പാദനത്തില്‍ 80,000 ലിറ്ററിന്‍െറ കുറവുണ്ടായെന്ന് മില്‍മ. വേനല്‍മഴ കിട്ടാതെ വന്നതും ഉല്‍പാദനചെലവ് വര്‍ധിച്ചതോടെ ക്ഷീരകര്‍ഷകര്‍ ഈ രംഗം വിടുന്നതുമാണ് കുറവിന് കാരണമെന്നും മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് വ്യക്തമാക്കി. മില്‍മയുടെ മേഖലയൂനിയനുകളുടെ പാല്‍സംഭരണത്തില്‍ കുറവ് അനുഭവപ്പെടുകയാണ്. ഏകദേശം 13 ലക്ഷം ലിറ്റര്‍ പാലാണ് ദിനംപ്രതി മില്‍മ വിതരണം ചെയ്യുന്നത്.

ഇതില്‍ 10.2 ലക്ഷം ലിറ്റര്‍ പാല്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇത് 9.8 ലക്ഷം ലിറ്ററായി കുറഞ്ഞു. ഇതുകാരണം അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞവര്‍ഷത്തെക്കാള്‍ കൂടുതല്‍ പാല്‍ വാങ്ങുകയാണ്. ശരാശരി നാല് ലക്ഷം ലിറ്റര്‍ പാലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നത്. ഇതിനിടെ കര്‍ണാടകവും തമിഴ്നാടും മില്‍മക്ക് നല്‍കുന്ന പാലിന്‍െറ വില വര്‍ധിപ്പിക്കുകയും ചെയ്തു. വരള്‍ച്ചയുടെ കാഠിന്യം വര്‍ധിക്കുന്നതോടെ ഇനിയും പാല്‍ലഭ്യത കുറയും. മറ്റ് സംസ്ഥാനങ്ങള്‍ പാലിന്‍െറ സംഭരണ, വില്‍പന വിലകള്‍ വര്‍ധിപ്പിച്ചു.

സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ പാല്‍വില വര്‍ധിപ്പിച്ചശേഷം പാലിന്‍െറ ഉല്‍പാദനചെലവില്‍ വലിയ വര്‍ധനയുണ്ടായി. ഇതനുസരിച്ച് വില കിട്ടാതെ വന്നതോടെ ക്ഷീരകര്‍ഷകര്‍ ഈ രംഗത്തുനിന്ന് കൊഴിഞ്ഞുപോകുന്നെന്നും ചെയര്‍മാന്‍ പറഞ്ഞു. കാലിത്തീറ്റയുടെ വില മാത്രം നാല് തവണ വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കണമെന്ന് ക്ഷീരകര്‍ഷകര്‍ നിരന്തരം ആവശ്യപ്പെട്ടുവരുകയായിരുന്നു.

ഒരു ലിറ്റര്‍ പാലിന്‍െറ ഉല്‍പാദനചെലവില്‍ അഞ്ചുരൂപയുടെ വര്‍ധനയുണ്ടായി. ഈ സാഹചര്യത്തിലാണ് നാല് രൂപയുടെ വര്‍ധന വരുത്തുന്നത്. ഈ വര്‍ധന വഴി കര്‍ഷകരുടെ ഉല്‍പാദനചെലവ് പൂര്‍ണമായും നികത്തപ്പെടുന്നില്ളെങ്കിലും വര്‍ധിച്ച ഉല്‍പാദനചെലവ് ഒരുപരിധിവരെ നേരിടുന്നതിന് സഹായിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Tags:    
News Summary - milma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.