മലപ്പുറം: മിൽമക്ക് കീഴിൽ മലബാർ മേഖലയിൽ ജൂനിയർ സിസ്റ്റംസ് ഒാഫിസർ, ജൂനിയർ അസിസ്റ്റൻറ് തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് പരീക്ഷ ഹാൾടിക്കറ്റ് ലഭിച്ചില്ല. ഏപ്രിൽ എട്ടിനാണ് പരീക്ഷ. വെള്ളിയാഴ്ചയായിരുന്നു വെബ്സൈറ്റിൽനിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള അവസാന തീയതി. എന്നാൽ, ദിവസങ്ങളായി വെബ്സൈറ്റിലെ ഹാൾടിക്കറ്റ് പേജ് തുറക്കാനാവുന്നില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഇതുസംബന്ധിച്ച് മിൽമയിലേക്ക് വിളിച്ചന്വേഷിക്കാൻ ശ്രമിച്ചപ്പോൾ ആരും ഫോൺ എടുത്തില്ലെന്നും ഇവർ കുറ്റപ്പെടുത്തി. 500 രൂപയാണ് ഒാരോ ഉദ്യോഗാർഥിയിൽനിന്ന് പരീക്ഷ ഫീസ് ഇൗടാക്കിയിട്ടുള്ളത്. ജോലി സാധ്യതക്ക് പുറമെ ഇൗ പണവും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ.
കഴിഞ്ഞ ഡിസംബർ 12നാണ് ഒഴിവ് സംബന്ധിച്ച വിജ്ഞാപനം മിൽമ പുറത്തിറക്കിയത്. ജൂനിയർ സിസ്റ്റംസ് ഒാഫിസർ തസ്തികയിൽ ആറും ജൂനിയർ അസിസ്റ്റൻറ് തസ്തികയിൽ 29ഉം ഒഴിവുകളാണുള്ളത്. ജനുവരി 21 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. തുടർന്ന് മാർച്ച് 15ന് ഹാൾടിക്കറ്റ് www.malabarmilmacareer.com/hall---ticket എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാമെന്ന അറിയിപ്പ് ലഭിച്ചു. മാർച്ച് 31 വരെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്നായിരുന്നു അറിയിപ്പ്. വെബ്സൈറ്റിൽ ഹാൾടിക്കറ്റ് ലഭ്യമാക്കി ഏപ്രിൽ എട്ടിലെ പരീക്ഷ എഴുതാൻ അവസരം നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.