മിൽമ പാൽ ലിറ്ററിന്​ നാലുരൂപ കൂട്ടി

തിരുവനന്തപുരം: മില്‍മ പാല്‍ വില കുത്തനെ കൂട്ടി. ലിറ്ററിന് നാലു രൂപയാണ് വര്‍ധിപ്പിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഉല്‍പാദനച്ചെലവ് ക്രമാതീതമായി ഉയര്‍ന്നതിനാലാണ് വില വര്‍ധനയെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് അറിയിച്ചു. പുതുക്കിയ വില രേഖപ്പെടുത്തിയ പാല്‍ കവറുകള്‍ തയാറാവാന്‍ വൈകുന്നതിനാല്‍ പഴയ വില രേഖപ്പെടുത്തിയവ കുറച്ചുദിവസം കൂടി വിപണിയില്‍ ഉണ്ടാകും. പാലിനൊപ്പം തൈരിന്‍െറ വില 450 ഗ്രാമിന് 20 രൂപയില്‍നിന്ന് 22 ഉം 500 ഗ്രാമിന് 23ല്‍നിന്ന്  25 ഉം ആവും. വെണ്ണ, നെയ്യ് എന്നിവയുടെ വില നേരത്തേ തന്നെ വര്‍ധിപ്പിച്ചിരുന്നു.  
വര്‍ധിപ്പിച്ച വിലയില്‍ 3.35 രൂപ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. ഇതോടെ കര്‍ഷകന്  ഗുണനിലവാരം അനുസരിച്ച്  ലിറ്ററിന് 34 രൂപ വരെ ലഭിക്കും. വര്‍ധിപ്പിച്ച വിലയില്‍ 16 പൈസ ക്ഷീര സംഘങ്ങള്‍ക്കും 16 പൈസ വിതരണ ഏജന്‍റിനും 0.75 ശതമാനം ക്ഷീര കര്‍ഷകക്ഷേമനിധി ബോര്‍ഡിലേക്കും നല്‍കും. പുറമെ ക്ഷീരസംഘങ്ങള്‍ക്കുള്ള ഒറ്റത്തവണ സഹായമായി 16 പൈസയും 14 പൈസ മേഖല യൂനിയനുകളുടെയും ഡെയറികളുടെയും സംഭരണ- സംസ്കരണ-പാക്കിങ് ചെലവുകള്‍ക്കായി മാറ്റിവെക്കും. വില വര്‍ധനയിലൂടെ കര്‍ഷകര്‍ക്ക് 3.35 രൂപയാണ് ലഭിക്കുന്നതെങ്കിലും പാല്‍വില ചാര്‍ട്ട് തയാറാക്കുമ്പോള്‍ ശരാശരി ഗുണനിലവാരമുള്ള പാലിന് (4.1 ശതമാനം കൊഴുപ്പും 8.3 ശതമാനം ഖരപദാര്‍ഥങ്ങളും അടങ്ങിയത്) 4.2 രൂപ വരെ അധികം ലഭിക്കും. അതായത് ശരാശരി ഗുണനിലവാരമുള്ള പാലിന് ഇപ്പോള്‍ കര്‍ഷകന് ലഭിക്കുന്ന 30.12 രൂപ 34.14 ആയി മാറും. സംഘങ്ങള്‍ക്ക് മില്‍മയില്‍നിന്ന് ലഭിക്കുന്ന 31.50 രൂപ എന്നത് 35.87 ആയി ഉയരും.
2014 ജൂലൈയിലാണ് മില്‍മ അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത്. അതിനുശേഷം കാലിത്തീറ്റയുടെയും മറ്റും വില വര്‍ധന കാരണം കര്‍ഷകര്‍ ഈ രംഗം വിടുന്ന അവസ്ഥ വന്നതിനാലാണ് വില വര്‍ധനക്ക് തയാറാകുന്നത്. മില്‍മ നടത്തിയ പഠനം അനുസരിച്ച് ഇപ്പോള്‍ കര്‍ഷകന് ലിറ്ററിന് 42.40 രൂപ വരെയാണ് ഉല്‍പാദനച്ചെലവ്. വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ദിവസം 13 ലക്ഷം ലിറ്റര്‍ പാല്‍ വരെ മില്‍മക്ക് ആവശ്യമുണ്ട്.  ഉല്‍പാദനം 10.2  ലക്ഷം മാത്രമാണ്. വരള്‍ച്ച കടുത്തതോടെ പ്രതിദിന ഉല്‍പാദനത്തില്‍ 80,000 ലിറ്ററിന്‍െറ കുറവുണ്ടായതായാണ് കണക്കാക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

Tags:    
News Summary - milma increases price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.