സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇനി മെഡിസെപ്" ആരോഗ്യ ഇൻഷുറൻസ് പദ്ധതി- കെ.എൻ.ബാലഗോപാൽ

കോഴിക്കോട് : സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും "മെഡിസെപ്" ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ മുപ്പത് ലക്ഷത്തിലധികം ആളുകള്‍ക്കാണ് പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.

പാർട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്കൂളുകളിലേതുള്‍പ്പെടെയുള്ള അധ്യപക-അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍, കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവരും പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരും ഈ പദ്ധതിയുടെ ഭാഗമാകും. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍-പെന്‍ഷന്‍കാര്‍-കുടുംബപെന്‍ഷന്‍കാര്‍ എന്നിവരും മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണല്‍ സ്റ്റാഫ്, പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍, കുടുംബപെന്‍ഷന്‍കാര്‍ എന്നിവരും ഇവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളില്‍ ക്യാഷ് ലെസ്സ് ചികിത്സാ സൗകര്യം ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതിയില്‍ അംഗങ്ങളാകുന്ന ജീവനക്കാരും പെന്‍ഷന്‍കാരും പ്രതിമാസം 500 രൂപയാണ് പ്രീമിയമായി അടക്കേണ്ടത്. പദ്ധതിയുടെ കീഴില്‍ വരുന്ന പൊതു-സ്വകാര്യ ആശുപത്രികളില്‍ ഗുണഭോക്താവോ ആശ്രിതരോ തേടുന്ന അംഗീകൃത ചികിത്സകള്‍ക്ക് ഓരോ കുടുംബത്തിനും മൂന്നു വര്‍ഷത്തെ പോളിസി കാലയളവിനുള്ളില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. ഇതില്‍ 1.5 ലക്ഷം രൂപ ഓരോ വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളതും ഉപയോഗിക്കാത്ത പക്ഷം അസാധുവാകുന്നതുമാണ്.

പ്രതിവര്‍ഷ കവറേജില്‍ 1.5 ലക്ഷം രൂപ മൂന്ന് വര്‍ഷത്തെ ബ്ലോക് പിരീഡിനകത്ത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കപ്പെടുന്ന തരത്തില്‍ ഫ്ലോട്ടര്‍ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. അടിസ്ഥാന പരിരക്ഷ കൂടാതെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവയവമാറ്റ ചികിത്സാ പ്രക്രിയകള്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനി 35 കോടി രൂപയില്‍ കുറയാത്ത തുക ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന കോര്‍പ്പസ് ഫണ്ടില്‍ നിന്ന് (മൂന്നു വര്‍ഷത്തെ പോളിസി കാലയളവിനകത്ത്) വിനിയോഗിക്കാവുന്നതാണ്.

പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിശ്ചിത ചികിത്സാ പ്രക്രിയകള്‍ക്കും അവയ്ക്ക് അനുബന്ധമായി വരുന്ന ഡേ കെയര്‍ ചികിത്സാ പ്രക്രിയകള്‍ക്കും ഗുണഭോക്താവിന് നേരിടേണ്ടി വരുന്ന ചെലവുകള്‍ക്ക് പരിരക്ഷ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എംപാനല്‍ ചെയ്ത ആശുപത്രികളിലെ ചികിത്സാ സംബന്ധമായ പ്രക്രിയകളുടെ ചെലവ്, മരുന്ന് വില, ഡോക്ടര്‍/അറ്റന്‍ഡന്റ് ഫീസ്, മുറി വാടക, പരിശോധനാ ചാര്‍ജ്ജുകള്‍, രോഗാനുബന്ധ ഭക്ഷണ ചെലവുകള്‍ എന്നിവ പരിരക്ഷയില്‍ ഉള്‍പ്പെടും.

പദ്ധതിയില്‍ അംഗങ്ങളായ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പദ്ധതി ആരംഭിക്കുന്ന മുറയ്ക്ക് അവരുടെ മെഡിസെപ് ഐ.ഡി.കാര്‍‍ഡ് www.medisep.kerala.gov.in എന്ന വെബ്സൈറ്റില്‍ മെഡിസെപ് ഐ.ഡി യൂസര്‍ ഐ.ഡിയായും PEN/PPO Number/Employee ID എന്നിവ പാസ് വേര്‍ഡ് ആയും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി മുഖേനയാണ് "മെഡിസെപ്" നടപ്പില്‍ വരുത്തുന്നതെന്നും കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

Tags:    
News Summary - Medisep "Health Insurance Scheme for Government Employees and Pensioners" - KN Balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.