സാദിഖലി ശിഹാബ് തങ്ങൾ

പള്ളി മുറ്റങ്ങൾ പൂന്തോപ്പുകളാക്കണം -സാദിഖലി തങ്ങൾ

കോഴിക്കോട്: പള്ളിയിലേക്കുള്ള വഴികളും മുറ്റങ്ങളും പൂക്കളും ചെടികളും നിറഞ്ഞ് മനോഹരമാകട്ടെയെന്ന് പാണക്കാട് സാദിഖലി തങ്ങൾ. പള്ളിയുടെ അകം പോലെ പരിസരവും മനോഹരമാക്കണം. മനോഹരമായ പൂന്തോട്ടങ്ങൾ ആസ്വദിക്കാൻ പണ്ട് യൂറോപ്പിൽനിന്ന് സ്പെയിനിലേക്ക് സന്ദർശകർ വരുമായിരുന്നു.

സ്പെയിനിലെ മുസ്‍ലീം പള്ളികൾ അന്ന് പൂന്തോട്ടങ്ങളാൽ അലംകൃതമായിരുന്നു. നമ്മുടെ പള്ളികളും അങ്ങനെയാവണമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. സുന്നിമഹല്ല് ഫെഡറേഷന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ മഹല്ല് ഭാരവാഹികൾ ഉള്ളതുകൊണ്ട് സാന്ദർഭികമായി പറയുകയാണ്. അല്ലാഹുവിന്റെ ഭവനങ്ങളുടെ ഉള്ളിന്റെ സൗന്ദര്യം എന്ന് പറയുന്നത് സംസ്കാരത്തിന്റെ സൗന്ദര്യമാണ്. ഇസ്‍ലാമിന്റെ സാംസ്കാരികത സുന്ദരമായിനിലനിർത്താനാവണം. ഇത്തരം കാര്യങ്ങൾക്കൊക്കെ സ്പോൺസർമാരെ ലഭിക്കും. പണം എവിടുന്ന് കിട്ടുമെന്നാലോചിച്ച് വിഷമിക്കണ്ട- സാദിഖലിതങ്ങൾ വിശദീകരിച്ചു.

പള്ളികൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന ആശയം മഹല്ലുകൾ ഏറ്റെടുത്തു കഴിഞ്ഞതായും തങ്ങൾ കൂട്ടിച്ചേർത്തു.

എസ്.ഐ.ആർ വിഷയത്തിൽ ജാഗ്രത വേണം

കോഴിക്കോട്: പണ്ഡിതന്മാരും നേതാക്കളും ഐക്യത്തോടെ പ്രവർത്തിച്ചാണ് മഹല്ലുകളെ പുരോഗതിയിലേക്ക് നയിച്ചതെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ആശയാദര്‍ശങ്ങൾ കെടാതെ സൂക്ഷിക്കുന്നത് മഹല്ലുകളാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) സുവർണ ജൂബിലി പ്രഖ്യാപനവും സമസ്ത നൂറാം വാര്‍ഷിക പ്രചാരണവും ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിനുതന്നെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ മുസ്‍ലിം സമൂഹത്തിന്റേത്. മതപരമായ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമ്പോള്‍തന്നെ എസ്.ഐ.ആര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ജാഗ്രത വേണം. ദീനിനെ ബാധിക്കുന്നതല്ല, മഹല്ലിനെ ബാധിക്കുന്നതല്ല എന്നു പറഞ്ഞ് മാറി നില്‍ക്കാന്‍ പാടില്ല. മുസ്‍ലിം സമുദായത്തെ കാത്തിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് ബോധവാന്മാരാകണം. അത്തരമൊരു സാഹചര്യമാണ് ഇന്ത്യയിൽ. എസ്.ഐ.ആർ പൗരത്വനിഷേധത്തിലേക്കുള്ള ഊടുവഴിയാണോ എന്ന ആശങ്കയുണ്ട്. അതുകൊണ്ട് എല്ലാ രേഖകളും സമർപ്പിക്കുന്നതിൽ ജാഗ്രത വേണം. ചതിക്കുഴികൾ പലതുമുണ്ട്. അതിനെ ഒറ്റക്ക് നേരിടാനാവില്ല. ഐക്യമാണ് പ്രധാനം.

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. സമസ്തയുടെ ആശയങ്ങള്‍ മഹല്ലുകളിലേക്ക് ഇറങ്ങി ചെന്ന് നിര്‍വഹിക്കുന്ന മഹത്തായ ദൗത്യമാണ് സുന്നി മഹല്ല് ഫെഡറേഷന്‍ നിര്‍വഹിക്കുന്നതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയെ ബഹുമാനിക്കാനും അനുസരിക്കാനും ഉപസംഘടനകൾ തയാറാകണം. ഏറെ ത്യാഗം സഹിച്ചാണ് എസ്.എം.എഫിന്റെ ആവിര്‍ഭാവ കാലഘട്ടങ്ങളില്‍ ഈ സംവിധാനത്തെ വളര്‍ത്തിയെടുത്തത്. ത്യാഗനിര്‍ഭരമായ കാലഘട്ടത്തില്‍ നേരിട്ട പ്രയാസങ്ങളുടെ ഫലമാണ് ഇന്ന് അനുഭവിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Masjid courtyards should be turned into gardens -Sadiq Ali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.