മർദനമേറ്റ ഗണേഷ് പിതാവിനൊപ്പം തലശ്ശേരി ജനറൽ ആശുപത്രിയിൽ, അറസ്റ്റിലായ മുഹമ്മദ് ഷിഹാദ്
തലശ്ശേരി: റോഡരികിൽ നിർത്തിയിട്ട കാറിൽ ചാരിനിന്നതിന് നാടോടി ബാലനെ ഷൂസിട്ട കാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബി.ഫാം വിദ്യാർഥിയായ പൊന്ന്യം പാലം മാക്കുനി റോഡിലെ മൻസാറിൽ മുഹമ്മദ് ഷിഹാദിനെ (20) യാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വ്യാഴാഴ്ച രാത്രി 8.20നാണ് സംഭവം. ആദ്യം കസ്റ്റഡിയിലെടുത്ത യുവാവിനെ രാത്രിതന്നെ വിട്ടയച്ച പൊലീസ് നടപടി വലിയ വിവാദമായി. വ്യാപകമായ പ്രതിഷേധമുയർന്നതോടെ പിന്നീട് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാത്രി നാരങ്ങാപ്പുറം മണവാട്ടി കവലയിൽ നിർത്തിയിട്ട കാറിനുമുന്നിൽ ചാരിനിന്ന രാജസ്ഥാൻ സ്വദേശികളുടെ ആറു വയസ്സുള്ള മകൻ ഗണേഷിനെ ഷൂസിട്ട കാൽ കൊണ്ട് ചവിട്ടുകയായിരുന്നു.
ചവിട്ടേറ്റ് നട്ടെല്ലിന് സാരമായി ക്ഷതമേറ്റ കുട്ടി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കളിപ്പാട്ടങ്ങൾ വിൽക്കാനെത്തിയ രാജസ്ഥാനി കുടുംബത്തിലെ മിത്തുലാൽ -മഥുര ദമ്പതികളുടെ മകനാണ് ആക്രമണത്തിനിരയായ കുട്ടി. മകൻ വേദനകൊണ്ട് പുളയുന്നതുകണ്ടാണ് പിതാവ് മിത്തുലാൽ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ഇതിനിടെ ക്രൂരകൃത്യത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതോടെ രാത്രിതന്നെ യുവാവിനെ തലശ്ശേരി പൊലീസ് വിളിച്ചുവരുത്തിയെങ്കിലും കാര്യം അന്വേഷിച്ചശേഷം വിട്ടയക്കുകയായിരുന്നു. പിഞ്ചുബാലനെ ചവിട്ടിത്തെറിപ്പിച്ച പ്രതിയെ കൈയിൽ കിട്ടിയിട്ടും കേസെടുക്കാതെ വിട്ടയച്ചുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധമുയരുകയും ചെയ്തതോടെ വെള്ളിയാഴ്ച രാവിലെ വീണ്ടും വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
സ്പീക്കർ എ.എൻ. ഷംസീറും വിവിധ രാഷ്ട്രീയ നേതാക്കളും കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ചു. വിഷയത്തിൽ ഇടപെട്ട ബാലാവകാശ കമീഷൻ ചെയർമാൻ അഡ്വ.കെ.വി. മനോജ് കുമാർ പൊലീസ് മേധാവികളെ ബന്ധപ്പെട്ട് രൂക്ഷമായി വിമർശിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഷിഹാദിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.