മലബാര്‍ സിമന്‍റ്സ് അഴിമതി: രണ്ട് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളില്‍ പ്രതികളായ ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി. വേണുഗോപാല്‍, മുന്‍ ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ജോസഫ് എന്നിവര്‍ക്ക് ഒരു കേസില്‍ വീതം ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

അതേസമയം, ഡീലര്‍മാര്‍ക്ക് സിമന്‍റിന് ഇളവനുവദിച്ചതിലൂടെ കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ വേണുഗോപാല്‍ കീഴ്കോടതിയെ സമീപിച്ച് ജാമ്യം തേടണമെന്ന് സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു. പാലക്കാട്ടെ പ്രമുഖ വ്യവസായിയും കേസിലെ പ്രതിയുമായ വി.എം. രാധാകൃഷ്ണന്‍െറ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ബാങ്ക് ഗ്യാരന്‍റി പുതുക്കി നല്‍കാതെ കരാര്‍ നീട്ടിക്കൊടുത്തെന്ന കേസിലാണ് പ്രകാശ് ജോസഫിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

52 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന കേസില്‍ ഒന്നാം പ്രതിയാണ് പ്രകാശ് ജോസഫ്. സിമന്‍റ് സംഭരണത്തിനുള്‍പ്പെടെ വെയര്‍ഹൗസിങ് കോര്‍പറേഷനുമായുണ്ടാക്കിയ കരാറില്‍ ക്രമക്കേട് നടത്തിയെന്നും കമ്പനിക്ക് 2.2 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമുള്ള കേസിലാണ് വേണുഗോപാലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തേണ്ട ആവശ്യമില്ളെന്ന വിലയിരുത്തലോടെയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
അതേസമയം കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളിലെ സിമന്‍റ് ഡീലര്‍മാര്‍ക്ക് സാമ്പത്തിക ഇളവ് നല്‍കിയതിലൂടെ 2.7 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലും വേണുഗോപാല്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിരുന്നു. ഈ ഹരജയില്‍ ജാമ്യം അനുവദിക്കാതിരുന്ന കോടതി തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Tags:    
News Summary - malabar cements case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.