കൊച്ചി: സിറോ മലബാർ സഭയുടെ 32ാം സിനഡിന്റെ ഒന്നാം സമ്മേളനം തിങ്കളാഴ്ച കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് തോമസിൽ ആരംഭിക്കും. പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രത്യേക സിനഡ് സമ്മേളനം ശനിയാഴ്ചയാണ് സമാപിക്കുക.
ഡിസംബറിൽ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പദവിയിൽനിന്നൊഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുക. ബിഷപ് സെബാസ്റ്റ്യൻ വാണിയപുരക്കലിനാണ് സഭയുടെ അഡ്മിനിസ്ട്രേറ്ററുടെ ചുമതല. സഭക്കുകീഴിൽ 65 മെത്രാന്മാരാണുള്ളത്. ഇതിൽ വോട്ടവകാശമുള്ളത് 53 പേരാണ്. 80 വയസ്സിനു മുകളിലുള്ളവർക്ക് വോട്ട് ചെയ്യാനാവില്ല.
മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കുന്നതിന് ആദ്യത്തെ അഞ്ച് റൗണ്ടുകളിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം വോട്ട് വേണം. തുടർ റൗണ്ടുകളിൽ ആർക്കാണ് കൂടുതൽ വോട്ട് കിട്ടുന്നതെന്ന് നോക്കും. ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിലൂടെയാണ് സഭാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനുശേഷം സിനഡ് അംഗീകരിച്ച പേര് വത്തിക്കാനിലേക്ക് അയക്കുകയും അവിടെനിന്ന് അംഗീകരിച്ച് തിരിച്ചയക്കുകയും ചെയ്യും. ഇതിനുശേഷമാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.