മധു വധക്കേസ്: ജാമ്യം റദ്ദാക്കിയത് വിചാരണ പ്രഹസനമാകാതിരിക്കാനെന്ന് പ്രോസിക്യൂഷൻ

കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ വിചാരണ പ്രഹസനമാകാതിരിക്കാൻ പ്രതികളുടെ ജാമ്യം റദ്ദാക്കൽ അനിവാര്യമായിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹൈകോടതിയിൽ. സാക്ഷികളെ സ്വാധീനിച്ചതിന് പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ട്. പ്രതികൾ സാക്ഷികൾക്ക് പണം നൽകി. ആഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ മർദിച്ചുകൊന്നത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, ഹൈകോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ കീഴ്കോടതിക്ക് കഴിയില്ലെന്ന വാദം പ്രതികൾ ആവർത്തിച്ചു. തുടർന്ന്, 12 പ്രതികൾ ചേർന്ന് നൽകിയ ഹരജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധി പറയാൻ മാറ്റി.

പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് പട്ടികജാതി -വർഗ പ്രത്യേക കോടതി ഉത്തരവ് ഹൈകോടതി വിധിയിലുള്ള ഇടപെടലല്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികൾ ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ വിചാരണക്കോടതിക്ക് മൂകസാക്ഷിയായി നിൽക്കാനാവില്ല. പ്രോസിക്യൂഷനു വേണ്ടി രഹസ്യമൊഴി നൽകിയവരടക്കം നിലപാട് മാറ്റി.

മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായെന്നും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ജാമ്യം റദ്ദാക്കപ്പെട്ട മരക്കാർ, രാധാകൃഷ്ണൻ, ഷംസുദ്ദീൻ, അബൂബക്കർ, നജീബ്, ജൈജു മോൻ, അബ്ദുൽ കരീം, സജീവ്, മുനീർ, അനീഷ്, സിദ്ദീഖ്, ബിജു എന്നിവരാണ് ഹരജിക്കാർ. ജാമ്യം റദ്ദാക്കിയ നടപടി നേരത്തേ സ്റ്റേ ചെയ്ത ഹൈകോടതി പ്രത്യേക കോടതി ഉത്തരവിനെത്തുടർന്ന് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയ മൂന്ന് പ്രതികളെ വിട്ടയക്കാനും നിർദേശിച്ചിരുന്നു.2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിൽ മധു ആൾക്കൂട്ട കൊലപാതകത്തിനിരയായത്. പ്രതികൾ കൂട്ടത്തോടെ കൂറുമാറിയെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹരജിയിലാണ് വിചാരണക്കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. കേസിൽ 16 പ്രതികളാണുള്ളത്.

Tags:    
News Summary - Madhu murder case: Prosecution says bail canceled to prevent trial from becoming a farce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.