എം ശിവശങ്കറിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി 28ന്; അറസ്​റ്റ്​ വിലക്കി ഹൈകോടതി


കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ നൽകിയ മുൻകൂര്‍ ജാമ്യ ഹരജി 28 ന്​ പരിഗണിക്കുമെന്ന്​ ഹൈകോടതി. ജാമ്യാപേക്ഷയിൽ വിധി പറയുന്നതുവരെ ശിവശങ്കറിനെ അറസ്​റ്റ്​ ചെയ്യരുതെന്നും ഹൈകോടതി ഉത്തരവിട്ടു. സ്വർണക്കടത്തുകേസിൽ കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിലായിരുന്നു എം. ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യ ഹരജി.

അറസ്​റ്റുചെയ്യപ്പെടു​െമന്ന ആശങ്കയുണ്ടെന്നും എങ്ങനെ എങ്കിലും ത​ന്നെ അകത്തിടണമെന്നാണ് അന്വേഷണ ഏജൻസികളുടെ ആവശ്യമെന്നും ശിവശങ്കർ വാദിച്ചു. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുന്നുണ്ടെന്ന് എം ശിവശങ്കര്‍ പറഞ്ഞു. 101. 5 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായി. തുടര്‍ച്ചയായ ചോദ്യം ചെയ്യൽ ആരോഗ്യത്തെ ബാധിച്ചെന്നും എം ശിവശങ്കര്‍ കോടതിയിൽ പറഞ്ഞു.

 മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വർണക്കടത്തിന് സഹായം നല്‍കാന്‍ ദുരുപയോഗിച്ചുവെന്ന്​ എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു. സ്വർണക്കടത്ത് ഗൂഢാലോചനയില്‍ എം ശിവശങ്കര്‍ പങ്കാളിയാണ്​. സ്വര്‍ണം കടത്താനും ശിവശങ്കര്‍ സജീവ പങ്കാളിത്തം വഹിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇഡി കോടതിക്ക് കൈമാറി. ശിവശങ്കര്‍ നിസഹകരിക്കുന്നു, അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ശ്രമമെന്നും ഇ.ഡി അറിയിച്ചു.

സ്വര്‍ണക്കടത്തി​െൻറ പ്രധാന ആസൂത്രകന്‍ എം.ശിവശങ്കറാകാം. സ്വപ്ന വെറും കരുമാത്രമാകാം, സ്വപ്നയെ മറയാക്കി ശിവശങ്കറാകാം എല്ലാം നിയന്ത്രിച്ചതെന്നും ഇ. ഡി വാദിച്ചു.

ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് എൻഫോഴ്സ്മെൻറ്​ ആവശ്യപ്പെടുന്നത്. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടന്നതെന്നും വിശദമായ തെളിവെടുപ്പും ലോക്കര്‍ പരിശോധനയും വേണമെന്നും എൻഫോഴ്സ്മെന്‍റ് ഹൈകോടതിയിൽ പറഞ്ഞു. കസ്റ്റംസും ജാമ്യാപേക്ഷയെ എതിര്‍ത്തു.

അറിഞ്ഞുകൊണ്ട് കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്ന് എം. ശിവശങ്കർ പറഞ്ഞു, കള്ളപ്പണം വെളുപ്പിക്കുന്നതിന് ഒരു തരത്തിലുള്ള സഹായവും നൽകിയിട്ടില്ല. ഇക്കാര്യം ഇ.ഡിയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാണെന്നും എം ശിവശങ്കര്‍ വാദിച്ചു. തനിക്ക് പങ്കില്ലാത്ത കാര്യങ്ങളിലാണ് ആരോപണങ്ങൾ. പരിചയം ഉളളയാളെ ചാര്‍ട്ടേഡ് അക്കൗണ്ടൻറിന്​ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വാദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.