ആഡംബര കാർ കടത്ത്​: പിന്നിൽ വൻ സംഘമെന്ന്​ ഇ.ഡി

കൊച്ചി: ഇന്ത്യയിലേക്ക് ഭൂട്ടാൻ, നേപ്പാൾ പാതകളിലൂടെ ലാൻഡ് ക്രൂസർ, ഡിഫൻഡർ, മസെരാട്ടി തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയും രജിസ്ട്രേഷനും നടത്തുന്ന വൻ സംഘത്തെക്കുറിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടന്മാരുടെ വീടുകളിലടക്കം റെയ്ഡ് നടത്തിയതെന്ന് എൻഫോഴ്സ്​മെന്‍റ്​ ഡയറക്ടറേറ്റ്​. കോയമ്പത്തൂർ ആസ്ഥാനമായ ഈ സംഘം ഇന്ത്യൻ ആർമി, യു.എസ് എംബസി എന്നിവയിൽനിന്നുള്ളതെന്ന്​ കരുതപ്പെടുന്ന വ്യാജ രേഖകളും​ അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് അടക്കം സംസ്ഥാനങ്ങളിലെ വ്യാജ ആർ.ടി.ഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചതായാണ്​ പ്രാഥമിക കണ്ടെത്തൽ. പിന്നീട് വാഹനങ്ങൾ സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വില കുറച്ച് വിറ്റു.

ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട പരിശോധന അഞ്ച് ജില്ലകളിൽ വാഹന ഡീലർമാരുടെ വീടുകളിലും നടത്തുന്നുണ്ടെന്നും ഇ.ഡി വാർത്തകുറിപ്പിൽ അറിയിച്ചു. പണമിടപാട്, ഗുണഭോക്തൃ ശൃംഖല, വിദേശനാണ്യ നീക്കം എന്നിവ കണ്ടെത്തുന്നതിന് കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.

കൊച്ചി സോണൽ ഓഫിസിന്‍റെ നേതൃത്വത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായാണ് ഇന്ന് പരിശോധന നടത്തിയത്. മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ, പൃഥിരാജ്, അമിത്​ ചക്കാലക്കൽ​ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. രണ്ടാഴ്ച മുമ്പ്​ കസ്റ്റംസ്​ പ്രിവന്‍റീവ്​ വിഭാഗം ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനക്ക്​ പിന്നാലെയായിരുന്നു​ ഇന്നത്തെ റെയ്​ഡ്​. ചില വാഹന വർക്ക്ഷോപ്പുകളിലും കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്​ ജില്ലകളിലെ വാഹന ഡീലർമാരുടെ വീടുകളിലും പരിശോധനയുണ്ടായി. കൊച്ചി പനമ്പിള്ളി നഗറിൽ മമ്മൂട്ടിയുടെ പഴയ വീടായ മമ്മൂട്ടി ഹൗസ്​, മമ്മൂട്ടിയും ദുൽഖറും ഇപ്പോൾ താമസിക്കുന്ന എളംകുളത്തെ വീട്​, ദുൽഖറിന്‍റെ ചെന്നൈയിലെ വീട്​, പൃഥ്വിരാജിന്‍റെ തോപ്പുംപടിയിലെ ഫ്ലാറ്റ്​, അമിത്​ ചക്കാലക്കലിന്‍റെ എറണാകുളം നോർത്തിലെ വീട്​ എന്നിവിടങ്ങളിലടക്കം ഒരേസമയം 17 ഇടങ്ങളിലായിരുന്നു റെയ്​ഡ്​.

റെയ്ഡ് വൈകീട്ടുവരെ നീണ്ടു. ഭൂട്ടാനിൽനിന്ന്​ വാഹനങ്ങൾ എത്തിച്ചതിന്​ പിന്നിൽ കള്ളപ്പണ ഇടപാട്​ നടന്നെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ്​ ഇ.ഡി നടപടി. വാഹനങ്ങളുടെ രേഖകൾ പൂർണമായി പരിശോധിക്കുകയാണ്​ ലക്ഷ്യം. ഭൂട്ടാനിൽനിന്ന്​ വാഹനങ്ങൾ കടത്തി വ്യാജ രേഖ ചമച്ച്​ രജിസ്​ട്രേഷൻ നടത്തുന്ന, കോയമ്പത്തൂർ ആസ്ഥാനമായ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്​.

ഭൂട്ടാനിൽനിന്ന്​ പട്ടാളം ഉപേക്ഷിച്ച 200ഓളം ആഡംബര വാഹനങ്ങൾ കേരളമടക്കം സംസ്ഥാനങ്ങളിലേക്ക്​ കടത്തിയെന്ന വിവരത്തെത്തുടർന്നാണ്​ നേരത്തെ കസ്റ്റംസ്​ പ്രിവന്‍റീവ്​ വിഭാഗം ‘ഓപറേഷൻ നുംഖോർ’ എന്ന പേരിൽ വ്യാപക പരിശോധന നടത്തിയത്​. ദുൽഖർ, അമിത്​ ചക്കാലക്കൽ എന്നിവരുടേതടക്കം 39 വാഹനങ്ങൾ അന്ന്​ പിടിച്ചെടുത്തിരുന്നു. ഇതിൽ മിക്കതിന്‍റെയും രേഖകൾ വ്യാജമാണെന്നാണ്​ കസ്റ്റംസ്​ പറയുന്നത്​. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കസ്റ്റംസിൽനിന്ന്​ ഇ.ഡി ശേഖരിച്ചിരുന്നു. കാർ കടത്തിന്​ പിന്നിൽ അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല പണമിടപാടുകളും നടന്നതായും ഇ.ഡി സംശയിക്കുന്നു.

അതേസമയം, എറണാകുളത്തെ വീട്​ പരിശോധിക്കുന്നതിനിടെ നടൻ ദുൽഖർ സൽമാനെ എൻഫോ​ഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ ഉദ്യോഗസ്ഥർ ചെന്നൈയിൽനിന്ന്​ വിളിച്ചുവരുത്തി. രാവിലെ ചെന്നൈയിലെ വീട്ടിലായിരുന്ന നടൻ, ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. അവിടെനിന്ന്​ കൊച്ചി എളംകുളത്തെ വീട്ടിലേക്ക്​ പോകുകയായിരുന്നു. മാധ്യമപ്രവർത്തകർ കാത്തുനിന്നെങ്കിലും പ്രതികരിക്കാൻ തയാറാകാതെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ദുൽഖർ സുഹൃത്തുക്കൾക്കൊപ്പം കാറിൽ കയറിപ്പോയത്. ദുൽഖർ ഉച്ചക്ക് 2.15ഓടെ വീട്ടിലെത്തി. ഇവിടെവെച്ചാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ആരാഞ്ഞത്. വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Luxury car smuggling: ED says a large gang is behind it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.