representational image

ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം; മാസ്റ്റര്‍ പ്ലാന്‍ രണ്ടു മാസത്തിനകം

സുൽത്താൻ ബത്തേരി: ജില്ലയിലെ മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം എന്ന നിലയില്‍ വനം വകുപ്പ് തയ്യാറാക്കുന്ന സമഗ്ര മാസ്റ്റര്‍ പ്ലാന്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും ഇതിനായി ജനപ്രതിനിധികളുമായും ബന്ധപ്പെട്ട ജനവിഭാഗങ്ങളുമായും ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

ചീരാലിലെ കടുവ പ്രശ്‌നത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ജില്ലയിലെ മനുഷ്യ- വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ഒക്ടോബര്‍ ആറിന് ചേര്‍ന്ന യോഗ തീരുമാന പ്രകാരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഇതിനകം നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്.

അടിയന്തരമായി നടപ്പാക്കേണ്ട ഹ്രസ്വകാല പദ്ധതിയും ശാശ്വത പരിഹാരത്തിനുള്ള ദീര്‍ഘകാല പദ്ധതിയും നോഡല്‍ ഓഫിസറുടെ നിയമന ലക്ഷ്യങ്ങളില്‍ പെടുന്നതാണ്. കാടും നാടും വേര്‍തിരിക്കുന്നതിനായി വയനാടിന് മൊത്തത്തിലുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പ്രാഥമികമായ വിവരങ്ങളും രേഖകളും ശേഖരിച്ചുകഴിഞ്ഞു.

ഓരോ സ്ഥലത്തും എന്തെല്ലാം ചെയ്യണം, ഇതുവരെ എന്തെല്ലാം ചെയ്തു, അവ എത്രത്തോളം ഫലപ്രദമാണ്, ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രതിരോധ സംവിധാനങ്ങള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് വിശദ ചര്‍ച്ചകളിലൂടെ പ്ലാന്‍ തയ്യാറാക്കണം.

ഇതിനായി ഡി.എഫ്.ഒമാര്‍ പ്രാദേശികതലങ്ങളില്‍ കൂടിയാലോചനകള്‍ നടത്തും. തുടര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് എവിടെ നിന്നെല്ലാം ഫണ്ട് കണ്ടെത്താം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ആര്‍.ആര്‍.ടിയെ ശക്തിപ്പെടുത്തല്‍, നിരീക്ഷണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം തുടങ്ങിയ കാര്യങ്ങളെല്ലാം മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തും. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുകയുള്ളൂ.

ചീരാലിലെ കടുവ ശല്യത്തിനെതിരായ ജനകീയ പ്രതിഷേധത്തെ സര്‍ക്കാറിനെതിരായ നീക്കമായല്ല കണ്ടത്. അതിനെ പോസിറ്റീവായി കണ്ടുള്ള സമീപനമാണ് സര്‍ക്കാറും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരും സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വനാതിര്‍ത്തിയുമായി ബന്ധപ്പെട്ട സാഹചര്യമല്ല കേരളത്തിലുള്ളത്. അവിടങ്ങളില്‍ ജനവാസ മേഖലകള്‍ അതിര്‍ത്തി പങ്കിടുന്നത് കുറവാണ്. അവിടങ്ങളിലെ എല്ലാ രീതികളും ഇവിടെ പ്രായോഗികമല്ല. ഗുജറാത്തിലും മറ്റും ബഫര്‍ സോണ്‍ പോലും ഒരു പ്രശ്‌നമല്ല. വനം വകുപ്പ് ഏറ്റെടുത്ത ശേഷം നാല് സംസ്ഥാനങ്ങളിലെ ഭരണാധികാരികളുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നഷ്ടപരിഹാരം വര്‍ധിപ്പിക്കുകയെന്നത് ന്യായമായ ആവശ്യമായി സര്‍ക്കാര്‍ കാണുന്നു. ഇക്കാര്യം ഗൗരവത്തില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രിയും ഉറപ്പുനല്‍കിയതാണ്. എന്നാല്‍ ഇതിന് മുന്‍കാല പ്രാബല്യമെന്നത് പ്രായോഗികമല്ല.

കാടും നാടും വേർതിരിക്കുന്നതിനായി വൈത്തിരി പഞ്ചായത്ത് മാതൃകയിൽ ജനകീയ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്. നോഡല്‍ ഓഫിസറും ജില്ല പഞ്ചായത്ത് പ്രസിഡന്റും ജില്ല കലക്ടറും ഇടപെട്ട് ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമം നടത്തണം. വനസംക്ഷണ സമിതികളെ ശക്തിപ്പെടുത്തണം.

അടിയന്തര സന്ദര്‍ഭങ്ങളില്‍ വനസംരക്ഷണ സമിതികളെയാണ് ഉദ്യോഗസ്ഥര്‍ ആദ്യം ആശ്രയിക്കേണ്ടത്. ബീനാച്ചി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നം ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് മധ്യപ്രദേശ് സര്‍ക്കാറുമായി കൂടിയാലോചനക്ക് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ വനം വകുപ്പുമായും വന്യജീവി സംഘര്‍ഷവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരും മന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ചു.

യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദീഖ്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് രാജേഷ് രവീന്ദ്രന്‍, ജില്ല കലക്ടര്‍ എ. ഗീത, സി.സി.എഫ് പാലക്കാട് മുഹമ്മദ് ഷബാബ്, ഐ ആന്‍ഡ് ടി സി.സി.എഫ് നരേന്ദ്ര ബാബു, ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ചീരാലിലെ സംയുക്ത സമിതി പ്രവര്‍ത്തകര്‍ ചീരാലില്‍ ഒരുക്കിയ സ്വീകരണ ചടങ്ങിലും മന്ത്രി പങ്കെടുത്തു.

Tags:    
News Summary - human-wildlife conflict in the district-Master plan within two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.