ശ്രീകാര്യം: ശ്രീകാര്യം ഗവ. എൻജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പഴുതാരയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം രാത്രി വനിത ഹോസ്റ്റലില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ പഴുതാരയെ കണ്ടെത്തിയിരുന്നു. തീര്‍ത്തും വൃത്തിഹീനമായ അവസ്ഥയിലാണ് ഹോസ്റ്റല്‍ മെസ്സുള്ളത്.
ഇതേതുടര്‍ന്ന് നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വനിത ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് പ്രിന്‍സിപ്പാലിനെതിരെ പ്രതിഷേധിച്ചത്. ഹോസ്റ്റല്‍ സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ 10 മീറ്റര്‍ പോലും ദൂരം ഇല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
700 ഓളം കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ ആകെയുള്ളത് രണ്ട് സെപറ്റിക് ടാങ്കുകൾ മാത്രം. സെപ്ടിക് ടാങ്ക് സ്ഥിരമായി നിറഞ്ഞ് മലിനജലം ഒഴുകുന്നതും പതിവാണ്.സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകുന്നത് കാരണം 9 മുറികൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഹോസ്റ്റലിന്റെ മേല്‍ക്കൂര ഉള്‍പ്പടെ പൊട്ടി തുടങ്ങിയ നിലയിലാണ്.
കഴിഞ്ഞയാഴ്ച ക്ലാസ് മുറിയിലെ സീലിംഗ് അടര്‍ന്നുവീണിരുന്നു. ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കുറേക്കാലമായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. സമരം ചെയ്ത വിദ്യാർത്ഥികളുമായി ഇന്നലെ പ്രിൻസിപ്പൽ ചർച്ച നടത്തി. വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.