കടൽ കയറിയ കാരണം വള്ളങ്ങൾ ഇറങ്ങാൻ കഴിയാത്ത പൂന്തുറ കടപ്പുറം

സ്വന്തം കടപ്പുറങ്ങളില്‍നിന്ന് വള്ളമിറക്കാന്‍ കഴിയാതെ മത്സ്യത്തൊഴിലാളികള്‍

പൂന്തുറ: തീരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസിലൊതുങ്ങിയതോടെ സ്വന്തം കടപ്പുറങ്ങളില്‍നിന്ന് വള്ളമിറക്കാന്‍ കഴിയാതെ മത്സ്യത്തൊഴിലാളികള്‍. സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വരുന്ന സമയങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കില്ല. എന്നാല്‍, ഇത്തവണ ജില്ലയുടെ പ്രധാന തുറകളില്‍നിന്നും കടലിലേക്ക് വള്ളങ്ങള്‍ ഇറക്കാനോ കരയില്‍നിന്നും കമ്പവലകള്‍ വലിക്കാനോ കഴിയാത്ത അവസ്ഥയാണ്. ഏക ആശ്രയം വിഴിഞ്ഞം കടപ്പുറത്തുനിന്ന് കടലില്‍ പോകാന്‍ കഴിയുമെന്നത് മാത്രമാണ്. ഇത്തരത്തില്‍ പോയാല്‍തന്നെ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ വില്‍ക്കുന്നതിന് മറ്റു സ്ഥലങ്ങളില്‍നിന്നും എത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ കടമ്പകളുണ്ട്. ഇതു കാരണം പലപ്പോഴും അധ്വാനത്തിനുള്ള വിലപോലും കിട്ടാതെ നിരാശരായി മടങ്ങേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. വിഴിഞ്ഞത്തുകാരുടെ വള്ളങ്ങളില്‍ വരുന്ന മത്സ്യങ്ങള്‍ വിറ്റശേഷം മാത്രമേ മറ്റു സ്ഥലങ്ങളിലുള്ളവര്‍ കൊണ്ടുവരുന്നവ ലേലം വിളിക്കാന്‍ പാടുള്ളൂ. ഇതു കാരണം വൈകുംതോറും മത്സ്യങ്ങള്‍ക്ക് നല്ലവില കിട്ടാതെ വരുന്നു.

നൂറിലധികം വള്ളങ്ങള്‍ കടലില്‍ പോയിരുന്ന പൂന്തുറ കടപ്പുറത്ത് വള്ളങ്ങള്‍ കയറ്റിവെക്കാന്‍ പോലും തീരം ഇല്ലാത്ത അവസ്ഥയാണ്.

പൂന്തുറയിലും വലിയതുറയിലും മിനി ഫിഷിങ് ഹര്‍ബാറുകള്‍ നിർമിക്കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ഫലംകണ്ടില്ല. പൂന്തുറയില്‍ 15 ലക്ഷം രൂപ ചെലവാക്കി പുണെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച് സ്റ്റേഷന്‍ തുറമുഖത്തിനുള്ള മാതൃകാപഠനം നടത്തി ഇടക്കാല റിപ്പോര്‍ട്ട് തുറമുഖ എന്‍ജിനീയറിങ് വകുപ്പിന് കൈമാറിയിരുന്നു. പൂന്തുറയുടെ ഭൂപ്രകൃതിയനുസരിച്ച് മിനി മത്സ്യബന്ധന തുറമുഖം നിർമിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം, കടലിന്‍റെ നീരൊഴുക്ക്, അടിത്തട്ടിലെ മണ്ണിന്‍റെ സ്വഭാവം, തിരമാലകളുടെ രീതി, പാര്‍വതീപുത്തനാര്‍ കടലിലേക്ക് ഒഴുകുന്നതടക്കമുള്ള വിവരങ്ങള്‍ മാതൃകാപഠനത്തിലൂടെ കണ്ടെത്തിയിരുന്നു. പൂന്തുറ ചേരിയാമുട്ടത്ത് തുറമുഖം നിർമിച്ചാല്‍ വന്‍തൊഴില്‍ നേട്ടവും അതിനനുസരിച്ച് വികസനവും എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഈ പ്രതീക്ഷകള്‍ അസ്തമിച്ചു.

വലിയതുറയില്‍ ഫിഷിങ് ഹാര്‍ബര്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങിയത് കാരണം കടല്‍പ്പാലത്തിനു മുകളില്‍ വാഹനങ്ങളില്‍ വള്ളമെത്തിച്ച ശേഷം കടലിലേക്ക് തള്ളിയിട്ട് മത്സ്യബന്ധനത്തിനു പോകുകയായിരുന്നു പതിവ്.

പാലത്തില്‍ വിള്ളല്‍ വീണതു കാരണം പാലത്തിനു മുകളിലേക്ക് വള്ളങ്ങള്‍ കൊണ്ട് കയറാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ശംഖുമുഖത്തുനിന്നും സുഖമായി കമ്പവലകള്‍ വലിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഇവിടെ തീരം പൂര്‍ണമായും നഷ്ടമായിക്കഴിഞ്ഞു.

Tags:    
News Summary - Valiyathura Fishing Harbor stopped in declaration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.