വി​ല്‍പ​ന​ക്കാ​യി കീ​റി​മു​റി​ച്ച ഡോ​ള്‍ഫി​ന്‍

കടലില്‍ നിരോധിത വന്യജീവി വേട്ട വ്യാപകം; ഡോൾഫിനെ കരക്കെത്തിച്ച് മുറിച്ച് വിൽക്കാന്‍ ശ്രമം: രണ്ടുപേര്‍ പിടിയില്‍

പൂന്തുറ: വലയില്‍ കുടുങ്ങിയ ഡോൾഫിനെ കരക്കെത്തിച്ച് മുറിച്ച് വില്‍ക്കാന്‍ ശ്രമം നടത്തിയ രണ്ടുപേര്‍ പിടിയില്‍. പൂന്തുറ സ്വദേശി ബെനാൻസ് (42), കന്യാകുമാരി സ്വദേശി ഡോണി നാപൽ (30) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്.

തിങ്കളാഴ്ച രാത്രി പൂന്തുറയില്‍നിന്നും വള്ളത്തില്‍ കടലില്‍ മത്സ്യബന്ധനത്തിനു പോയ ഇവരുടെ വലയില്‍ 350 കിലോയോളം തൂക്കം വരുന്ന ഡോള്‍ഫിന്‍ കുടുങ്ങി. ഇതിനെ കടലില്‍ ഉപേക്ഷിക്കാതെ ചൊവ്വാഴ്ച രാവിലെയോടെ പൂന്തുറ കടപ്പുറത്ത് എത്തിയ ശേഷം ഇതിനെ കഷണങ്ങളാക്കി വില്‍ക്കാന്‍ ഇവര്‍ ശ്രമം നടത്തി. ഇതു കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ പൂന്തുറ പൊലീസില്‍ വിവരം അറിയിച്ചു. വിവരം കിട്ടിയ പൊലീസ് ഉടന്‍തന്നെ സ്ഥലത്തെത്തിയതോടെ ഇവര്‍ ഡോള്‍ഫിനെ കരയില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വനം-വന്യ ജീവി നിയമം ഷെഡ്യൂള്‍ ഒന്ന് പ്രകാരം ഡോള്‍ഫിനുകളെ പിടികൂടുന്നത് ശിക്ഷാര്‍ഹ കുറ്റമായതിനാല്‍ പൊലീസ് ഉടന്‍തന്നെ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.

വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ ശ്രമിച്ചെങ്കിലും വെറ്ററിനറി ഡോക്ടറെ കിട്ടാത്ത കാരണം ഡോള്‍ഫിന്‍റെ മൃതദേഹം വാഹനത്തില്‍ വനം വകുപ്പിന്‍റെ പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലേക്ക് മാറ്റി. തുടര്‍ന്ന് കോട്ടൂരില്‍നിന്നും വെറ്ററിനറി ഡോക്ടര്‍ എത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം പരുത്തിപ്പള്ളി റേഞ്ച് ഓഫിസ് വളപ്പില്‍ കുഴിയെടുത്ത് കുഴിച്ചുകൂടി. കൂടുതല്‍ പരിശോധനകള്‍ക്കായി ഇതിന്‍റെ സാമ്പിളുകള്‍ ശേഖരിച്ചു.

ഇതിനിടെ പൂന്തുറ പൊലീസ് രഹസ്യനീക്കത്തിലൂടെ പ്രതികളെ പിടികൂടി വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. ബുധനാഴ്ച നെടുമങ്ങാടുള്ള വനം വകുപ്പിന്‍റെ പ്രത്യേക കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ വിലകിട്ടുമെന്നതിനാലാണ് വില്‍പന നടത്താന്‍ ശ്രമമുണ്ടായത്. മുമ്പും വിഴിഞ്ഞം കടപ്പുറത്തുനിന്നും പിടികൂടിയ ഡോള്‍ഫിനെ കഷണങ്ങളാക്കി മാര്‍ക്കറ്റില്‍ വില്‍പനക്ക് എത്തിച്ചിരുന്നു. അന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആവശ്യക്കാര്‍ ഏറുന്നത് കണക്കിലെടുത്ത് ജില്ലയുടെ തീരക്കടല്‍ കേന്ദ്രീകരിച്ച് വ്യാപകമായ രീതിയില്‍ ഡോള്‍ഫിന്‍ വേട്ട നടക്കുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരായ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ രോഷ്നി, സെക്ഷൻ ഫോറസ്റ്റ് ഓഫിസര്‍ ഗംഗാധരന്‍ കാണി, വാച്ചര്‍മാരായ ശരത്, നിഷാദ്, രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്.

കടലിന്‍റെ ആവാസവ്യവസ്ഥക്ക് കോട്ടം തട്ടുമെന്ന് വിദഗ്ധര്‍

പൂന്തുറ: തലസ്ഥാന ജില്ലയുടെ തീരക്കടല്‍ കേന്ദ്രീകരിച്ച് നിരോധിത വന്യജീവി വേട്ട വ്യാപകമായിട്ടും നടപടികള്‍ എടുക്കാന്‍ കഴിയാതെ അധികൃതര്‍.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ജില്ലയുടെ തീരക്കടലില്‍നിന്നും സംരക്ഷിത ഇനത്തില്‍പെട്ട നൂറിലധികം ഡോള്‍ഫിനുകളെയാണ് വേട്ടയാടി പിടിച്ച് രഹസ്യമായി വില്‍പന നടത്തിയെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍തന്നെ പറയുന്നു. പരസ്പരം ശത്രുത വേണ്ടന്ന കാരണത്താല്‍ ഇത്തരം സംഭവങ്ങള്‍ തീരങ്ങളില്‍ അരങ്ങേറുമ്പോഴും പരസ്പരം ആരും പുറത്ത് പറയുന്നില്ല.

വനം-വന്യ ജീവി നിയമപ്രകാരം ഷെഡ്യൂള്‍ ഒന്ന് പ്രകാരം ഡോള്‍ഫിനുകളെ പിടികൂടുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. കടലില്‍ പരിശോധന നടത്താന്‍ സംവിധാനങ്ങളില്ല. ഇന്‍ക്വസ്റ്റ് തയാറാക്കുക എന്ന ജോലി മാത്രമാണ് വനം വകുപ്പിനുള്ളത്.

നിരോധിത ജീവികളെ കടല്‍ പിടിക്കുന്നതിൽനിന്ന് തടയുംവിധം മത്സ്യത്തൊഴിലാളികള്‍ക്ക് ബോധവത്കരണം നടത്താനോ ഫിഷറീസ് അധികൃതരും തയാറാകുന്നില്ല. സംരക്ഷിതയിനത്തില്‍പെട്ട ഭക്ഷ്യയോഗ്യമല്ലാത്ത വിവിധയിനം സ്രാവുകള്‍ ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ് പിന്നീട് കടലില്‍ ജീവിക്കാന്‍ കഴിയാതെ തീരങ്ങളില്‍ ചത്തു മലക്കാറാണ് പതിവ്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ പത്തോളം ഉടുമ്പന്‍ സ്രാവുകളാണ് ജില്ലയുടെ തീരങ്ങളില്‍ ചത്തു കരക്കടിഞ്ഞത്. പൂവാര്‍ തീരത്ത് അടിഞ്ഞ സ്രാവിന് മൂവായിരത്തോളം കിലോയിലധികം തൂക്കവും ഉണ്ടായിരുന്നു. സംരക്ഷിത വിഭാഗത്തില്‍പെട്ട കടല്‍ജീവികള്‍ ഉള്‍ക്കടലില്‍നിന്നും പലപ്പോഴും കൂട്ടമായാണ് തീരക്കടലില്‍ എത്തുന്നത്.

ഇത്തരം ജീവികളുടെ ശരീരത്തില്‍ ചെറിയ രീതിയില്‍ പരിക്കേറ്റാല്‍പോലും പിന്നീട് ഉള്‍ക്കടലിലേക്ക് പോകാനാകില്ല. ഇതോടെ തീരക്കടലില്‍ അധികകാലം ജീവിക്കാന്‍ കഴിയാതെ വലയില്‍ കുടുങ്ങുകയോ ചത്തീമലക്കുകയോ ചെയ്യുന്ന അവസ്ഥയാണ്.

വന്യജീവി വകുപ്പ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ നേരത്തേ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഒരിടത്തും ഇല്ല.

നിരോധിത ജീവികളെ പിടികൂടുന്നത് മൂലം കടലിന്‍റെ വ്യവസ്ഥക്കുതന്നെ കോട്ടം തട്ടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടങ്കിലും ആരും മുഖവിലയ്ക്ക് എടുക്കാറില്ല. ഡോള്‍ഫിനു പുറമേ കടലാമ, റാള്‍ കുഞ്ഞുങ്ങള്‍, അപൂര്‍വയിനം ചെറുസ്രാവുകള്‍ എന്നിവയും പിടികൂടുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും വ്യാപകമായി പിടികൂടുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.