വയോധികയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്; ഭർത്താവിനെ ചോദ്യം ചെയ്യും

നേമം: വയോധികയെ പാപ്പനംകോട്ടെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. നേരിട്ടോ മറ്റെന്തെങ്കിലും വസ്തുക്കൾ ഉപയോഗിച്ചു കഴുത്തിൽ അമർത്തി കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെന്ന് നേമം പൊലീസ് പറഞ്ഞു. നേമം പാപ്പനംകോട് വിശ്വംഭരൻ റോഡ് ഗിരിജ വിലാസത്തിൽ ഗിരിജ (68) യെയാണ് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശശിധരൻ നായരെ (73) ഷോക്കേറ്റ് കൈ കരിഞ്ഞനിലയിൽ അബോധാവസ്ഥയിലും കണ്ടെത്തിയിരുന്നു.

ശരീരം തളർന്ന ഗിരിജ വർഷങ്ങളായി കിടപ്പിലാണ്. ഭർത്താവാണ് ഇവരുടെ കാര്യങ്ങളെല്ലാം നോക്കി നടത്തി വന്നിരുന്നത്. മക്കൾ വീട്ടിലേക്ക് വരാറുണ്ടെങ്കിലും ഒറ്റപ്പെട്ട ജീവിതമായിരുന്നു ദമ്പതികളുടേത്. ഇവരുടെ വീട്ടിൽ നിന്നും ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശശിധരൻനായർ അപകടനില തരണം ചെയ്തിട്ടില്ല. ഇദ്ദേഹത്തെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗിരിജയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Tags:    
News Summary - nemam murder case; police suspects husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.