'പൂരക്കാഴ്ച' ഒരുക്കാന്‍ പൂഴിക്കുന്ന് ഒരുങ്ങി

നേമം: തിരുവനന്തപുരത്തുകാര്‍ക്ക് പാപ്പനംകോട് പൂഴിക്കുന്ന് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് ദീപാവലി ആശാന്മാരുടെ നാടിനെയാണ്. ഇവിടെ പടക്കവിപണി സജീവമായി. കോവിഡ് കാലമായിട്ടും ദീപാവലിക്ക് ദിവസങ്ങള്‍ക്കുമുമ്പുതന്നെ പൂഴിക്കുന്നി​െൻറ പെരുമയറിഞ്ഞ് പടക്കങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തിത്തുടങ്ങി. ദീപാവലിക്ക്​ മാത്രമായി താല്‍ക്കാലിക കച്ചവടം നടത്താന്‍ ചെറിയ കടകള്‍കൂടി തുറന്നതോടെ പൂഴിക്കുന്ന് ഉത്സവാന്തരീക്ഷത്തിലാണ്. തമിഴ്‌നാട് ശിവകാശിയില്‍ ഇറങ്ങുന്ന ഏറ്റവും പുതിയതും വ്യത്യസ്തവുമായ പടക്കങ്ങള്‍ ന്യായവിലക്ക്​ ഇവിടെ ലഭിക്കും.

ഓലപ്പടക്കം, കുറ്റിപ്പടക്കം, മാലപ്പടക്കം തുടങ്ങി നാടന്‍ പടക്കങ്ങളും യഥേഷ്​ടമുണ്ടിവിടെ. ഒരു രൂപ മുതല്‍ 10,000 രൂപ വരെ വിലയുള്ള പടക്കങ്ങള്‍ വില്‍പനക്കുണ്ട്. റോള്‍ പൊട്ടാസില്‍ തുടങ്ങി വിവിധതരത്തിലും ആകൃതിയിലുമുള്ള കമ്പിത്തിരി, തറച്ചക്രം, ഫയര്‍ പെന്‍സില്‍, റോക്കറ്റ്, മാനത്ത് വര്‍ണങ്ങള്‍ വിരിയിക്കുന്ന ശബ്​ദരഹിത പടക്കങ്ങള്‍, ചെറിയ ശബ്​ദത്തോടെ പൊട്ടുന്ന പടക്കങ്ങള്‍, വ്യത്യസ്ത നിറങ്ങളില്‍ പൂത്തിരി പൊഴിക്കുന്ന കലശങ്ങള്‍ ... പതിവുപോലെ പൂഴിക്കുന്നില്‍ പുലര്‍ച്ച ആരംഭിക്കുന്ന കച്ചവടം രാത്രി വൈകിയാണ് അവസാനിക്കുന്നത്.

ദീപാവലിയുടെ അവസാന രണ്ടുദിവസം വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. വെടിക്കെട്ടുകളുടെ ആശാനായിരുന്ന ഗോവിന്ദനാണ് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ 'പടക്കങ്ങളുടെ നാട്' എന്ന പേര് പൂഴിക്കുന്നിന് ഉണ്ടാക്കിക്കൊടുത്തത്. ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്​ടിച്ച ഒട്ടേറെ പൂരങ്ങള്‍ നടത്തിയ ഗോവിന്ദനാശാന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തി​െൻറ പാതയിലൂടെ മക്കളായ മണിയന്‍ ആശാനും ശശി ആശാനും പേരെടുക്കുകയായിരുന്നു. ഇവരും മരിച്ചതോടെ ആശാന്മാരുടെ പെരുമ നിലനിര്‍ത്തി പിന്‍തലമുറക്കാരാണ് ഇപ്പോള്‍ രംഗത്തുള്ളത്. ദേവി ഫയര്‍ വര്‍ക്സ് ഉടമ ശശി ആശാ​െൻറ മക്കളായ ജിഞ്ചുവും ജിബുവുമാണ് ഇപ്പോള്‍ പൂഴിക്കുന്നി​െൻറ പേരെടുത്ത വെടിക്കെട്ട് 'ആശാന്മാർ'.

ഒരുകാലത്ത് വിപണി കീഴടക്കിയിരുന്ന ചൈനീസ് പടക്കങ്ങള്‍ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നിര്‍മിത പടക്കങ്ങളാണ് ഇത്തവണത്തെ ദീപാവലിയുടെ പ്രത്യേകത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.