ആരോഗ്യഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

പാറശ്ശാല: ആരോഗ്യ പരിപാലനം വർധിപ്പിക്കുക ലക്ഷ്യമിട്ട് പാറശ്ശാല ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ആരോഗ്യഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. വിനോദസഞ്ചാര സാധ്യതയുള്ള പ്രദേശമായതിനാല്‍ അതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിച്ച്​ നല്‍കിയാല്‍ വേഗം അംഗീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പാറശ്ശാല ഗ്രാമപഞ്ചായത്തി​ൻെറ സ്വപ്ന പദ്ധതിയാണ് ആരോഗ്യഗ്രാമം. പഞ്ചായത്ത് തലത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. എട്ടര ഏക്കറോളം വരുന്ന ആര്യശ്ശേരി ചിറക്കുളം നവീകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. പ്രഭാത, സായാഹ്ന നടത്തത്തിനായി കുളത്തിന് ചുറ്റും നടപ്പാത, കൈവരി, വെളിച്ചം എന്നിവ സജ്ജീകരിച്ചു. ഇതിനോട് ചേര്‍ന്നുതന്നെയാണ് ജിം ഉള്‍പ്പെടുന്ന ഹെല്‍ത്ത് ക്ലബും തയാറാക്കിയിട്ടുള്ളത്. കൊടവിളാകം, മുര്യങ്കര വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് പ്രദേശം. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എസ്.കെ. ബെന്‍ഡാര്‍വിന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. സുരേഷ്, വൈസ് പ്രസിഡൻറ്​ ആര്‍. സുകുമാരി, വിവിധ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.