ഒക്കച്ചങ്ങാതിമാര്‍ പറയുമ്പോള്‍ എങ്ങനെ ഏറ്റെടുക്കാതിരിക്കുമെന്ന തോന്നൽ ലീഗിനും -മ​ുഖ്യമന്ത്രി

തിരുവനന്തപുരം: ഒക്കച്ചങ്ങാതിമാര്‍ പറയുമ്പോള്‍ പിന്നെ എങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുകയെന്ന് തോന്നിയിട്ടാണ് വ്യാജ ഒപ്പ് സംബന്ധിച്ച്​ ബി.ജെ.പി പറഞ്ഞ കാര്യങ്ങള്‍ മുസ്​ലിം ലീഗ് ഏറ്റുപിടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയുടെ ആരോപണം ഗൗരവതരമാണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആരോപണം വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. ബി.ജെ.പി പറയുന്നതിന് ബലം കൊടുക്കാന്‍ ഇടപെടുക എന്നൊരു നിലപാടാണ് യു.ഡി.എഫ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്​​. ആദ്യം ബി.​െജ.പി പറയും. പിന്നീട്​ പറഞ്ഞ കാര്യങ്ങൾക്ക്​ ബലം നൽകാൻ യു.ഡി.എഫ്​ അതേറ്റെടുക്കും. ഒപ്പ്​ സംബന്ധമായ ആരോപണം ഉന്നയിച്ച ആളിന്​ കാര്യങ്ങൾ അറിയില്ലായിരിക്കാമെങ്കിലും കുഞ്ഞാലിക്കുട്ടിയെ പോലെ ദീര്‍ഘകാലം മന്ത്രിയായിരുന്ന ഒരാള്‍ക്ക് ഇതേക്കുറിച്ചൊക്കെ അറിയാതെ വരില്ല. ഇ-സോഫ്​റ്റ്​വെയർ സർക്കാർ തലത്തിൽ നടപ്പാക്കാമെന്ന്​ 2013 ആഗസ്​റ്റ്​ 24ന്​ ഉത്തരവുണ്ട്​. അത്​ കുഞ്ഞാലിക്കുട്ടിക്ക്​ മനസ്സിലാകാതിരിക്കാൻ വഴിയില്ല. എന്നാൽ കോൺഗ്രസിനേക്കാൾ വലിയ വാശിയോടെയാണ്​ ലീഗ് ചില കാര്യങ്ങളിലുള്ളത്​. തങ്ങൾക്ക്​ മുൻപന്തിയിൽ നിൽക്കണ​മെന്ന തോന്നൽ ലീഗിനും ഉണ്ടാകും. അതിനാലാണ്​ ബി.ജെ.പി പറഞ്ഞാൽ ഉടനെ ഏറ്റുപിടിക്കണമെന്ന​ തോന്നൽ ലീഗ് നേതൃത്വത്തിന്​ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.