മത്തായിയുടെ മരണം: ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വനംവകുപ്പ് കസ്​റ്റഡിയിലെടുത്ത ചിറ്റാർ സ്വദേശി മത്തായി മരിച്ചതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്​. മാനദണ്ഡങ്ങൾ പാലിക്കാതെയാണ്​ കസ്​റ്റഡിയിലെടുത്തതെന്നും സംരക്ഷണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് വനം മേധാവിക്ക് കൈമാറി. മത്തായിയുടെ മരണത്തെക്കുറിച്ച് സതേൺ സർക്കിൾ ചീഫ് ഫോറസ്​റ്റ്​ കൺസർവേറ്റർ സഞ്​ജയൻ കുമാറാണ് അന്വേഷണം നടത്തിയത്. മത്തായിയെ കസ്​റ്റഡിയിലെടുത്തതും തുടർനടപടികളും മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. കസ്​റ്റഡിയിലെടുത്തതിൽ വീഴ്ചയുണ്ടായി. ഇതിനുശേഷം ഫോറസ്​റ്റ്​ ഓഫിസിൽ കൊണ്ടുപോകാതെ തെളിവെടുപ്പിന്​ കൊണ്ടുപോയി. മൊഴി രേഖപ്പെടുത്തിയില്ല. കസ്​റ്റഡിയിലെടുത്തയാളിന്​ സംരക്ഷണം നൽകാനോ ജീവൻ രക്ഷിക്കാനോ ഉദ്യോഗസ്ഥർ തയാറായില്ല. വൈദ്യപരിശോധനപോലും നടത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തി. വനംവകുപ്പ് സ്ഥാപിച്ച കാമറയുടെ മെമ്മറി കാർഡ് എടുത്തെന്ന് മത്തായി സമ്മതിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. മത്തായിയുടെ വീട്ടുകാരുടെ ആരോപണങ്ങൾ സാധൂകരിക്കുന്നതാണ് റിപ്പോർട്ട്. മത്തായിയുടെ വീട്ടുകാർ, ബന്ധുക്കൾ, ജീവനക്കാർ, റാന്നി ഡി.എഫ്.ഒ എന്നിവരിൽനിന്ന്​ മൊഴിയെടുത്തശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.