ഉത്രവധം: കുറ്റപത്രം ഉടൻ; സുരേഷിനെ മാപ്പുസാക്ഷിയാക്കിയേക്കും

കൊല്ലം: അഞ്ചൽ ഉത്രവധക്കേസിൽ അടുത്തയാഴ്ച പുനലൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. പാമ്പിനെ എത്തിച്ചുനൽകിയ രണ്ടാം പ്രതി ചാവരുകാവ് സുരേഷിനെ മാപ്പുസാക്ഷിയാക്കാനാണ് സാധ്യത. ഇതിന്​ സുരേഷിൻെറ അപേക്ഷയിൽ കോടതി മൊഴി രേഖപ്പെടുത്തും. കൊലപാതകത്തിൽ ഉത്രയുടെ ഭർത്താവ്​ സൂരജിൻെറ പങ്കിന് ശക്തമായ തെളിവുള്ള കുറ്റപത്രമായിരിക്കും ആദ്യം സമർപ്പിക്കുക. പാമ്പിൻെറ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്, ഉത്രയുടെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം, വിദഗ്ധ സമിതി റിപ്പോർട്ട് എന്നിവയെല്ലാം കേസിലെ നിർണായക തെളിവുകളാകും. റൂറൽ എസ്.പി ഹരിശങ്കറിൻെറ മേൽനോട്ടത്തിലാണ് അന്വേഷണം. ഗാർഹിക പീഡനക്കേസിലെ കുറ്റപത്രം പിന്നീടേ സമർപ്പിക്കൂ. ഇതിൽ സൂരജിൻെറ വീട്ടുകാരെയും പ്രതിചേർക്കും. കേസിൽ പ്രത്യേക അഭിഭാഷകനെയും സർക്കാർ നിയോഗിച്ചു. പാമ്പിൻെറ കൈമാറ്റം, തല്ലിക്കൊല്ലൽ, കൈവശം വെക്കൽ എന്നിവയുൾപ്പെടെ വനം വകുപ്പ് എടുത്ത കേസിലെ കുറ്റപത്രം തയാറാക്കലും അന്തിമഘട്ടത്തിലാണ്. ഈ കേസിലും കുറ്റപത്രം വൈകാതെ സമർപ്പിക്കും. സമ്പത്ത് തട്ടിയെടുത്തശേഷം ഉത്രയെ ഒഴിവാക്കാനായി മൂർഖൻ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തെളിവുശേഖരണത്തിനായി പാമ്പിനെ പോസ്​റ്റ്​മോർട്ടം ചെയ്ത അപൂർവ നടപടിവരെയുണ്ടായ കേസാണിത്. സൂരജ്, പിതാവ് സുരേന്ദ്രൻ, പാമ്പിനെ കൈമാറിയ സുരേഷ്കുമാർ എന്നിവർ ജയിലിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.