നിയമനങ്ങൾ: മുഖ്യമന്ത്രിയെ മാറ്റിനിർത്തി അന്വേഷിക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻെറ അറിവോടെ നടന്ന കൺസൽട്ടൻസി കരാറുകളും നിയമനങ്ങളും ദുരൂഹ ഇടപാടുകളും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിനിർത്തി സംയുക്ത നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. പി.ഡബ്ല്യൂ.സിയുടെ ഇ-മൊബിലിറ്റി പദ്ധതിയിലെ കൺസൾട്ടൻസി കരാർ റദ്ദാക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ ഓഫിസിൽ അവിഹിത ഇടപെടലുകൾ നടന്നെന്ന്​​ തുറന്നുസമ്മതിക്കലാണ്. ഇ-മൊബിലിറ്റിയുടെ കരാർ മാത്രം റദ്ദാക്കിയതുകൊണ്ട് തീരുന്നതല്ല പ്രശ്നം. സ്പ്രിൻക്ലർ ഇടപാട്, കെ-ഫോൺ, ബെവ്ക്യൂ, ബ്രൂവറി, കെ.പി.എം.ജി തുടങ്ങിയ ഇടപാടുകളിലും ദുരൂഹതയുണ്ട്​. നിരവധി കരാർ നിയമനങ്ങളും ഈ കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് നടന്നു. ശിവശങ്കറുമായി അടുത്ത ബന്ധം പുലർത്തിയ പിണറായി വിജയന് ഇടപാടുകളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. രാഷ്​ട്രീയ ധാർമികതക്ക്​ വിലകൽപിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിയെ മാറ്റിനിർത്താൻ സി.പി.എം പോളിറ്റ് ബ്യൂറോ തയാറാകണമെന്നും അദ്ദേഹം പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.